X

സിവില്‍ സര്‍വീസിലെ മലയാളിത്തിളക്കം

പി. ഇസ്മായില്‍ വയനാട്‌

സിവില്‍ സര്‍വീസ് എന്നാല്‍ ഐ.എ. എസ് എന്നാണ് പലരും ധരിച്ചിട്ടുള്ളത്. ജില്ലാ കലക്ടര്‍ മുതല്‍ ചീഫ് സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി വരെയുളള പൊതു ഭരണം കയ്യാളുന്ന ഐ.എ.എസ്, ക്രമസമാധാന പാലനവും കുറ്റാന്വേഷണവും കൈകാര്യം ചെയ്യുന്ന ഐ പി .എസ് . വിദേശ കാര്യം നിയന്ത്രിക്കുന്ന ഐ.എഫ്.എസ് എന്നിവ സിവില്‍ സര്‍വീസിലെ പ്രധാന വകുപ്പുകളാണ്. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് എക്കൗണ്ട്‌സ് സര്‍വീസ് . ഇന്ത്യന്‍ റവന്യൂ സര്‍വീസ് (കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ്), ഇന്ത്യന്‍ ഡിഫന്‍സ് എക്കൗണ്ട് സര്‍വീസ് . ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് സര്‍വീസ്, ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ്, ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്‌സ് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ പേഴ്‌സണല്‍ സര്‍വീസ്, ആര്‍.പി.എഫ് അസിസ്റ്റന്‍ഡ് സെക്യൂരിറ്റി കമ്മീഷണര്‍, ഇന്ത്യന്‍ ഡിഫന്‍സ് എസ്‌റ്റേറ്റ്‌സ് സര്‍വീസസ്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ് തുടങ്ങിയ 24 ഓളം സുവര്‍ണ്ണ തസ്തികകളിലേക്ക് ഒരേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതില്‍ തുറക്കുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് .

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനാണ് പരീക്ഷ നടത്താറുള്ളത്. പ്രിലിമിനറി, മെയിന്‍സ്, ഇന്റര്‍വ്യൂ എന്നിങ്ങനെ ഒരു വര്‍ഷത്തില്‍ മൂന്ന് ഘട്ടമായിട്ടാണ് പരീക്ഷ നടത്താറുള്ളത്. മറ്റു മത്സര പരീക്ഷകളെപ്പോലെ സിലിബസ് ഒന്നാകെ കലക്കി കൂടിച്ചതു കൊണ്ട് മാത്രം ജയം ഉറപ്പാക്കാനാവില്ല. ആപത്ഘട്ടങ്ങളില്‍ ഓരോരുത്തരും കൈകൊള്ളുന്ന നിലപാടുകളും ഓരോ വിഷയത്തിലും തങ്ങള്‍ക്കുള്ള അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ജയപരാജയത്തിന്റെ അളവു കോലായി മാറുന്നുവെന്നതാണ് മറ്റു പരീക്ഷകളില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയെ വ്യത്യസ്തമാക്കുന്നത്. ഓരോവര്‍ഷവും പരമാവധി ആയിരം ഒഴിവുകള്‍ നികത്തുന്നതിനായുളള പരീക്ഷയില്‍ ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പങ്കാളികളാകാറുള്ളത്. കഴിഞ്ഞ വര്‍ഷം 8 ലക്ഷത്തിലധികം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. 10,564 പേരാണ് മെയിന്‍സ് പരീക്ഷക്ക് യോഗ്യത നേടിയത്. അതില്‍ നിന്നും അഭിമുഖത്തിനായി തെരഞ്ഞെടുത്ത 2046 പേരില്‍ നിന്നാണ് 763 ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കാനുളള അവസരങ്ങളും അധികാരങ്ങളുമാണ് സിവില്‍ സര്‍വീസിന് ഉദ്യോഗാര്‍ത്ഥികളെ മുഖ്യമായി പ്രേരിപ്പിക്കുന്ന ഘടകങള്‍ . ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡിവിഷണല്‍ കമ്മീഷണര്‍, അഡീഷണല്‍ ജില്ലാ മജിസട്രേറ്റ് തുടങ്ങിയ പദവികളാണ് സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുവദിക്കാറുള്ളത്.റാങ്കിന്റെ അടിസ്ഥാനത്തില്‍ സൗജന്യ താമസവും ആഢംബര വാഹനങ്ങളും ഹോം ഗാര്‍ഡും ബോഡി ഗാര്‍ഡ് അടക്കമുള്ള സുരക്ഷാ സംവിധാനവും സിവില്‍ സര്‍വീസിന്റെ സവിശേഷതയാണ്. ഭരണകൂടത്തിന് സിവില്‍ സര്‍വീസിലുള്ളവരെ തോന്നുന്നത് പോലെ പുറത്താക്കാനും കഴിയില്ല. നടപടിക്ക് സമഗ്രമായ അന്വേഷണം ആവശ്യമാണ്. സര്‍വീസില്‍ നിന്നും വിരമിച്ചവരെയും െ്രെടബൂണുകളിലേക്കോ കമ്മീഷനുകളിലേക്കോ പുന:പ്രതിഷ്ഠിക്കാറുമുണ്ട്.

സിവില്‍ സര്‍വീസ് എന്നത് ഒരു കാലത്ത് വരേണ്യവര്‍ക്ഷത്തിന്റെ മാത്രം സ്വപ്‌നമായിരുന്നു. നക്ഷത്ര പദവിയുളള സ്‌കുളുകളിലും മെട്രോപൊളിറ്റിന്‍ സിറ്റികളില്‍ താമസിക്കുകയും ചെയ്യുന്ന കുബേര കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കാണ് സിവില്‍ സര്‍വീസ് എത്തിപ്പിടിക്കാന്‍ കഴിഞ്ഞിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി പരീക്ഷ നടന്നിരുന്ന കാലത്ത് സിവില്‍ സര്‍വീസില്‍ പ്രദേശികമായ അസന്തുലിതാവസ്ഥയും നില നിന്നിരുന്നു. ഭരണഘടന അംഗീകരിച്ച മലയാളം ഉള്‍പ്പെടെ 22 ഓളം ഭാഷകളില്‍ പരീക്ഷ എഴുതാന്‍ സാധിക്കുന്നതിനാല്‍ തന്നെ അസമത്വം ഏതാണ്ട് അവസാനിച്ച മട്ടാണ്. മെഡിസിന്‍, എഞ്ചിനീയറങ് മേഖലയില്‍ മുന്നേറ്റം നടത്തിയ മലയാളികളെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ കവാടമായ സിവില്‍ സര്‍വീസ് എന്നത് ഇന്നലകളില്‍ ബാലികേറാമലയായിരുന്നു. എന്നാല്‍ കഴിഞ പത്തു വര്‍ഷമായി ഈ രംഗത്ത് മലയാളികള്‍ അഭിമാനാര്‍ഹമായ വിജയങ്ങളാണ് കാഴ്ച വെക്കുന്നത്. ആദ്യത്തെ നൂറ് റാങ്കില്‍ എത്തിനോ ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥക്ക് വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. ഒന്നാം റാങ്ക് അടക്കം മലയാളികളെ തേടി വന്ന സ്ഥിതി വിശേഷം വരെ ഉണ്ടായി. ഈ വര്‍ഷത്തെ റിസള്‍ട്ടിലും ആദ്യത്തെ 100 റാങ്കില്‍ പതിനൊന്ന് മലയാളികളാണ് ഇടം പിടിച്ചത്. നാല്‍പത്തി രണ്ടു പേര്‍ സിവില്‍ സര്‍വീസ് കടമ്പ കടന്നതും നിസ്സാരമല്ല. 2011 ന് ശേഷമുള്ള ഓരോ വര്‍ഷത്തിലും ശരാശരി 30 പേര്‍ പരീക്ഷ ജയിച്ചു കയറിയിട്ടുണ്ട്. അവരില്‍ കൂടുതല്‍ പേരും പൊതു വിദ്യാലയങ്ങളില്‍ പഠിച്ചവരും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരും സാധാരണ കുടുംബങ്ങളില്‍ നിന്നുളളവരുമാണ്. റാങ്ക് പട്ടികയില്‍ സ്ത്രീ സാന്നിധ്യം കൂടുതലായി കാണാറുണ്ടെങ്കിലും തന്ത്ര പ്രധാനമായ വകുപ്പുകളില്‍ വേണ്ടത്ര പരിഗണന കിട്ടാറില്ല എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്.

മുന്‍ ചീഫ് സെക്രട്ടറി പരേതനായ ഡോ. ഡി.ബാബു പോള്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ ഒരു ഫോണ്‍ സംഭാഷണത്തെ പറ്റി എഴുതിയിരുന്നു. ഒരു ദിവസം അദ്ധേഹത്തെ ഒരു കെ.എസ്.ആര്‍. ടി സി ജീവനക്കാരന്‍ വിളിച്ചു. മകളുടെ സിവില്‍ സര്‍വീസ് പരീക്ഷ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനാണ് വിളിച്ചത്. മകള്‍ പി .ജിയോ ഡിഗ്രിയോ കഴിഞ്ഞ കുട്ടിയായിരിക്കും എന്ന ബാബു പോളിന്റെ കണക്ക് കൂട്ടലാണ് അയാള്‍ തിരുത്തിയത്. ഒന്‍പതില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വേണ്ടിയാണ് ആ രക്ഷിതാവ് അദ്ധേഹത്തെ വിളിച്ചത്. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്ന് പഠിച്ചവരെ തേടി റാങ്കുകള്‍ എത്തി തുടങ്ങിയതും മലയാളികള്‍ കലക്ടര്‍മാരായി തുടങ്ങിയതുമാണ് ഈ മാറ്റത്തിന്റെ കാരണമായി ബാബു പോള്‍ ആ കുറിപ്പില്‍ പരാമര്‍ശിച്ചത്.

ഉത്തരേന്ത്യന്‍ ഗോസായിമാരില്‍ നിന്ന് രാജു നാരായണ സ്വാമിയുടെ പിന്‍ഗാമിയായി 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം റാങ്ക് തിരിച്ചു പിടിച്ച ഹരിത വി കുമാര്‍ . മുക്കം അനാഥാലയത്തില്‍ പഠനം നടത്തി സിവില്‍ സര്‍വീസിന്റെ കൊടുമുടി കയറിയ മുഹമ്മദലി ശിഹാബ്, പ്രാരാബ്ധങ്ങളോട് പട പൊരുതി ലക്ഷ്യപ്രാബ്ധിയിലെത്തിയ ശ്രീധന്യ സുരേഷ്, എന്നിവരുടെ തിളക്കമാര്‍ന്ന വിജയങ്ങളും ടി.വി അനുപമ, ഡോ,അദീല അബ്ദുളഉ, എന്‍.പ്രശാന്ത്, മീര്‍ മുഹമ്മദ് അലി , ബി.സലീം തുടങ്ങിയവര്‍ കലക്ടര്‍ പദവിയിലിരുന്ന്‌സാധാരണക്കാരന്റെ മനസ്സില്‍ കൂടുകെട്ടും വിധം സൃഷ്ടിച്ച ജനകീയ തയും സ്വീകാര്യതയും രാജ്യത്തെ വിവിധ അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയതും മാധ്യമങ്ങള്‍ അവര്‍ക്ക് നല്‍കിയ താര പരിവേഷങ്ങളും പുതിയ തലമുറയെ സിവില്‍ സര്‍വീസിലേക്ക് ആകര്‍ഷരാക്കിയിട്ടുണ്ട്.

എം.ബി.ബി.എസ്സ്, എഞ്ചിനീയറിങ്ങ് ,ടീച്ചിങ് , നഴ്‌സിങ്ങ് . തുടങ്ങിയ കോഴ്‌സുകളുടെ കാലാവധിയും മികച്ച സ്ഥാപനങ്ങള്‍ ഏതെന്ന തിനെ സംബന്ധിച്ചും പരീക്ഷ രീതികളെ കുറിച്ചും തൊഴില്‍ സാധ്യതകളെ കുറിച്ചും മലയാളിക്ക് മന:പാഠമാണ്. എന്നാല്‍ സിവില്‍ സര്‍വീസിന്റെ സാധ്യതകളെ കുറിച്ചു പറഞ്ഞു കൊടുക്കാന്‍ അധ്യാപകര്‍ക്ക് പോലും പലപ്പോഴും കഴിയാറില്ല. പത്താം തരം , പ്ലസ്ടു , പരീക്ഷകളിലെ മാര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയും തമ്മില്‍ ബന്ധമില്ല എന്ന കാര്യം വരെ ഭൂരിപക്ഷം മലയാളികള്‍ക്കും അറിയില്ല. സ്‌കൂള്‍ തലം തൊട്ടേ സിവില്‍ സര്‍വീസ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ കേരളേതര സംസ്ഥാനങ്ങള്‍ വളരെ മുന്‍പന്തിയിലാണ്. ഇരുപത്തി യൊന്നാം വയസ്സില്‍ തന്നെ പരീക്ഷ എഴുതാനായി അവരെ പ്രാപ്തരാക്കുമ്പോള്‍ 25 വയസ്സ് പിന്നിടുമ്പോഴും ജോലിയില്‍ കയറിയതിന് ശേഷവുമാണ് മലയാളികള്‍ സിവില്‍ സര്‍വീസിനെ കുറിച്ച് ചിന്തിക്കാറുള്ളത്.

ജില്ലാ തലത്തില്‍ സിവില്‍ സര്‍വീസ് അക്കാദമികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും സ്‌കൂള്‍ കേന്ദ്രീകരിച്ച്അവബോധം പകരാനും കഴിഞ്ഞാല്‍ നമുക്കും ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ വര്‍ഷം ആദ്യത്തെ നൂറ് റാങ്കില്‍ ഇടം നേടിയ മീര .കെ, കരിഷ്മ നായര്‍ ,ഡോ. മാഥുന്‍ പ്രേം രാജ്, അശ്വതി ജിജി, വീണ എസ് സുതന്‍ ,എം ബി അപര്‍ണ്ണ , ദീന ദസ്തഗിര്‍ എന്നിവര്‍ വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതുമുണ്ട്.

മുടക്കം കൂടാതെയുള്ള പത്രപാരായണവും പുസ്തക വായനയും എഴുത്തും ശീലമാക്കിയും മികച്ച സൗഹൃദങ്ങള്‍ സ്ഥാപിച്ചും സമയത്തെ മെരുക്കിയെടുത്താണ് അവര്‍ വിജയം കൊയ്‌തെടുത്തത്. പരാജയം നേരിട്ടപ്പോഴും റോബര്‍ട്ട് ബ്രൂസിനെപ്പോലെ വിജയത്തിനായി ദാഹിച്ചതു കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിച്ചത്. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും ക്ഷമയും അപഗ്രഥനവും മാറ്റുരക്കുന്ന പരീക്ഷയില്‍ മേല്‍ പരാമര്‍ശിച്ച ഗുണഗണങള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിലേക്കുള്ള പടവുകള്‍ കയറാം.

 

 

Test User: