X

റോ നുണക്കഥ കൊട്ടിഘോഷിച്ച് മലയാള മാധ്യമങ്ങളും

ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാന്‍ സംഘ്പരിവാര്‍ ശ്രമം

കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വ്യക്തിഹത്യ ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാനും സംഘ്പരിവാര്‍ പടച്ചുവിടുന്ന നുണക്കഥ ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും. ഇറാനിലെ ഇന്ത്യന്‍ അംബാസഡറായിരിക്കുമ്പോള്‍ അന്‍സാരി ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് അനലൈസിസ് വിംഗിനെ (റോ) തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനും ആര്‍.എസ്.എസ് അനുഭാവിയും കടുത്ത ന്യൂനപക്ഷ വിരോധിയുമായ എന്‍.കെ സൂദാണ് ആരോപിച്ചത്.

‘എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദേശ സഞ്ചാരങ്ങളും നേട്ടങ്ങളും’ എന്ന കൃതിയുടെ രചയിതാവുമാണ്, 2010ല്‍ റോയില്‍ നിന്നു പിരിഞ്ഞ എന്‍.കെ സൂദ്. അദ്ദേഹത്തിന്റെ ടീറ്റുകള്‍ പലപ്പോഴും വിദ്വേഷം ജനിപ്പിച്ചാണ് ശ്രദ്ധ നേടാറുള്ളത്. ‘ഹിന്ദുക്കളുടെ പ്രവൃത്തി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്്‌ലിംകളെ ആക്രമണത്തിലൂടെ മാത്രമേ നേരിടാനാവൂ. 60കളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കു ശേഷം മുസ്‌ലിംകള്‍ ജുമാ മസ്ജിദിനു സമീപമുള്ള ഹിന്ദു ഷോപ്പുകള്‍ ആക്രമിക്കാറുണ്ടായിരുന്നു. ആര്‍.എസ്.എസ് മുന്നോട്ടുവന്നാണ് അത് തടുത്തത്.’ എന്നും ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയല്ല, അക്രമത്തിലൂടെ വേണം മുസ്‌ലിംകളോട് പോരാടാനെന്നും സൂദ് ടീറ്റു ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം, ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച സൂദിനു പുറമെ ആധികാരികമായ രേഖകളോ അദ്ദേഹം പരാതിപ്പെട്ടതായ രേഖകളോ സണ്‍ഡേ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലില്ല. ഒന്നാം മോദി സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ജെ അക്ബര്‍ 2010ല്‍ ആരംഭിച്ച സണ്‍ഡേ ഗാര്‍ഡിയനാണ് ദുഷ്പ്രചാരണം ആദ്യം പ്രക്ഷേപണം ചെയ്തത്. 1990-1992 കാലയളവില്‍ ഇറാനില്‍ ഹാമിദ് അന്‍സാരി ദേശീയ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തുവെന്നും ഇറാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സവാകുമായി അദ്ദേഹം ഒത്തുകളിച്ചെന്നുമാണ് സൂദിന്റെ പേരില്‍ സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2017ല്‍ ഏതാനും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി മോദിയെ കണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, മലയാള പത്രം കൂടുതല്‍ മസാല പുരട്ടിയാണ് അന്‍സാരിയെ വേട്ടയാടുന്നത്. പൗരനെന്ന നിലയില്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും അന്‍സാരി പ്രസ്താവിച്ചതായി പറയുന്നു. ഹാമിദ് അന്‍സാരി ഇവ്വിധം പ്രസ്താവന നടത്തിയതായി ഇന്നേവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘ് പരിവാര്‍ അനുകൂല പ്രചരണ വെബ്‌സൈറ്റായ ഓപ് ഇന്ത്യ, ഹാമിദ് അന്‍സാരിയുടെ വാക്കുകള്‍ വളച്ചൊടിച്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രമുഖ മലയാള പത്രം ഏറ്റുപിടിച്ചപ്പോള്‍, വ്യക്തിഹത്യ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ്പരിവാര്‍.

chandrika: