X

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക

ശരീഫ് കരിപ്പൊടി കാസര്‍കോട്‌

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മലയാള ഭാഷ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കപ്പെട്ട് കാസര്‍കോട്ടെ കന്നഡക്കാരടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്‍. പത്താം ക്ലാസു വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രബേഷന്‍ പൂര്‍ത്തിയാക്കും മുമ്പു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളം മിഷന്റെ മാതൃഭാഷ ദിനാചരണം ഉദ്ഘാനവേളയില്‍ പറഞ്ഞിരുന്നു.

ഭരണത്തില്‍ നടക്കുന്നത് എന്താണെന്ന് സാധാരണക്കാരനും മനസിലാകണം എന്നത് കൊണ്ടാണ് ഭരണഭാഷ മലയാളമാക്കിയത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ മാത്രമല്ല, ഇവിടെയുള്ളവരിലും മലയാളം അറിയാത്തവരുണ്ടെന്നും നിയമപരമായി മറ്റു ഭാഷകളില്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെ ഭരണഭാഷ മലയാളം തന്നെയാവണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരള സര്‍വീസില്‍ ജോലിക്ക് പ്രവേശിക്കാന്‍ മലയാളം പരീക്ഷ പാസാകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇതാണ് മലയാളികള്‍ക്ക് കൂടി ബാധമാകുന്നത്. നിലവില്‍ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ ജോലിയില്‍ ചേര്‍ന്ന് പത്തു വര്‍ഷത്തിനുള്ളില്‍ ഭാഷാ പ്രാവീണ്യം പരീക്ഷ പാസാകണമെന്നാണ് നിയമം. ഈ നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്. ഇതോടെ പിഎസ്‌സി ടെസ്റ്റ് ജയിച്ചാലും ഭാഷാ പരീക്ഷ വിജയിക്കാതെ ജോലി ഉറപ്പാവില്ല എന്ന സ്ഥിതിയിലാവും ഉദ്യോഗാര്‍ഥികള്‍.

നേരത്തെ 2018ല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വലിയ പ്രതിഷേധങ്ങള്‍ക്കിട നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൂടിയായതോടെ കാസര്‍കോട്ടെ കന്നഡ അടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള അവസരത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ കന്നഡ സംസാരിക്കുന്നവരില്‍ കൂടുതലും മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലാണുള്ളത്. കന്നഡക്കാര്‍ക്ക് പുറമെ, തുളു, മറാത്തി, കൊങ്കണി, ബ്യാരി, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവരും ജില്ലയിലേറെയുണ്ട്. മലയാള ഭാഷ വശമില്ലാത്തവര്‍ക്ക് ജോലിയില്‍ പ്രവേശിച്ച് പത്തുവര്‍ഷത്തിനകം ഭാഷാ പ്രാവീണ്യം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ പഴയ നിയമത്തില്‍ ഭേദഗതി വരുന്നതോടെ പ്രൊബേഷനറി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മലയാളം ഭാഷാ പ്രാവീണ്യ പരീക്ഷ ജയിക്കേണ്ടിവരും. ഇതു മലയാളേതര മീഡിയം ഉദ്യോഗാര്‍ഥികളെ കടുത്ത പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആശങ്കകള്‍ നിവേദനങ്ങളായി സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും അറിയിക്കാനാണ് കന്നഡ വിഭാഗക്കാരുടെ തീരുമാനം.

2013ല്‍ തന്നെ ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിര്‍ദേശം പിഎസ് സി അംഗീകരിച്ചിരുന്നു. 2018ല്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും തടസവാദങ്ങള്‍ ഉയര്‍ന്നു. പത്താം ക്ലാസിലൊ പ്ലസ്ടുവിനോ മലയാളം പഠിച്ചിട്ടില്ലാത്തവരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാ പരീക്ഷ വിജയിക്കണമെന്ന നിര്‍ദേശം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് വഴിവച്ചു. എന്നാല്‍ കേരള സ്‌റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ ഭേദഗതിയും നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവും ലഭ്യമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Test User: