കുവൈത്ത് സിറ്റി/മലപ്പുറം: തന്റെ പ്രിയമന്റെ ജീവന്‍ കാത്ത മുനവ്വറലി തങ്ങള്‍ക്ക് ഹൃദയംകൊണ്ട് നന്ദി പറഞ്ഞ് അര്‍ജുന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതി. തങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാലതി നന്ദി അറിയിച്ചത്. ‘ഉയിര്‍ കാത്ത മനിതരേ, ഉണ്മയാന നാടേ, നന്‍ട്രി!’ വധശിക്ഷക്കു വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലില്‍ കഴിഞ്ഞ തമിഴ്‌നാട്ടുകാരന്‍ അര്‍ജുന്‍ അത്തിമുത്തുവിനെ കൊലക്കയറില്‍ നിന്നു രക്ഷപ്പെടുത്തിയതിന്റെ നന്ദി കണ്ണീരു കലര്‍ന്ന സന്തോഷത്തോടെയാണ് മാലതി തങ്ങളെ അറിയിച്ചത്.
മലപ്പുറം സ്വദേശിയെ വധിച്ച കേസിലാണ് അത്തിമുത്തുവിനെ കുവൈത്ത് കോടതി വധശിക്ഷക്ക് വിധിച്ചത്. മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തില്‍, കൊല്ലപ്പെട്ടയാളുടെ കുടുംബം അര്‍ജുന് മാപ്പുനല്‍കുകയും അതിന്റെ രേഖകള്‍ കുവൈത്ത് അധികാരികള്‍ക്കു സമര്‍പ്പിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബം ആവശ്യപ്പെട്ട 30 ലക്ഷം രൂപയില്‍ 27 ലക്ഷം രൂപ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ചാണ് ശിക്ഷയിളവ് ഉറപ്പാക്കിയത്.
അര്‍ജുന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും മുനവ്വറലി തങ്ങള്‍ക്കും ലഭിച്ചിരുന്നു. ജയിലില്‍ കഴിയുന്ന അര്‍ജുന്‍ ആറു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി ഫോണില്‍ സംസാരിച്ചു.