മലപ്പുറം: രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടി. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടിയത്. ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിലായി.
ഈ മാസം 30 വരെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിക്കുമെങ്കിലും ആവശ്യക്കാര്‍ ഇനി കോഴിക്കോട് കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്.
ഇത് അടച്ചുപൂട്ടിയതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുകയും ജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്യും. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകള്‍ മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്.
സേവാകേന്ദ്രം മലപ്പുറത്ത് തുടരുന്നതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുക. ആവശ്യക്കാര്‍ കോഴിക്കോട്ടെ പാസ്പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
രാജ്യത്തെ 31-ാമത്തെ പാസ്‌പോര്‍ട്ട് ഓഫീസായിരുന്നു മലപ്പുറത്തേത്. 2006 ആഗസ്ത് 26നാണ് ഈ കേന്ദ്രം സ്ഥാപിതമാകുന്നത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ് ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമത്തെത്തുടര്‍ന്നാണ് മൂന്നു പതിറ്റാണ്ടു കാലത്തെ ആവശ്യത്തിന് പരിഹാരമായത്.
കരിപ്പൂര്‍ വിമാനത്താവളത്തെ തഴഞ്ഞ അതേ നീക്കമാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനു നേരെയുമുണ്ടായത്. ലക്ഷകണക്കിനു പേരുടെ ദുരിതം അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം കൈകൊണ്ടത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം. ഇത്രയും പേര്‍ ഇനി കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരും.