കൊണ്ടോട്ടി: വിദ്വേഷത്തിന്റെ കനലുകള്‍ കത്തുന്ന കാലത്ത് പാരസ്പര്യത്തിന്റെ സ്‌നേഹതീര്‍ത്ഥം കൊണ്ട് വീണ്ടും ചരിത്രമെഴുതുകയാണ് മലപ്പുറം. ക്ഷേത്രത്തിലേക്കുള്ള വഴിക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു നല്‍കിയാണ് മലപ്പുറം മതസാഹോദര്യത്തിന്റെ തെളിമയുള്ള അടയാളങ്ങള്‍ വീണ്ടും ചേര്‍ത്തു വച്ചത്. കൊണ്ടോട്ടി മുതുവല്ലൂര്‍ പരതക്കാട് ജുമുഅത്ത് പള്ളിയും കോഴിക്കോടന്‍ മൂച്ചിത്തടം ഭഗവതി ക്ഷേത്രവുമാണ് സാഹോദര്യം കൊണ്ട് പുതിയ അധ്യായം രചിച്ചത്.
ഭഗവതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്കാണ് ജുമുഅത്ത് പള്ളി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയത്. നടപ്പാത മുതുവല്ലൂര്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് നടപ്പാത നിര്‍മിക്കുകയും ചെയ്തു. ഒരു മീറ്ററിലേറ വീതിയില്‍
110 മീറ്റര്‍ കോണ്‍ക്രീറ്റ് നടപ്പാതയാണ് ഒരുക്കിയത്.
ഇതോടെ മൂച്ചിത്തടം കോളനി വാസികള്‍ക്കും വഴിയായി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ സഗീര്‍ പാത ഉദ്ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ്, എന്‍സി ഉമ്മര്‍, എന്‍സി കുഞ്ഞാന്‍, ശങ്കരന്‍, ഉണ്ണികൃഷ്ണന്‍, നാടിക്കുട്ടി, കാളി, ജയന്‍, മായക്കര അലവിക്കുട്ടി, സുലൈമാന്‍ മുസ്‌ലിയാര്‍, കെപി അലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.