മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് കണ്ടെത്തല്‍. ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ശ്രീപ്രകാശിന്റെയും സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ.എം.ബി ഫൈസലിന്റെയും പത്രികകളില്‍ വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ക്രമ നമ്പര്‍ അപൂര്‍ണമായാണ് നല്‍കിയിരിക്കുന്നത്. നേരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക അപൂര്‍ണമാണെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് പരാതി നല്‍കിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളിയിരുന്നു. അതേസമയം ബിജെപിസിപിഎം സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നാണ് വിവരം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളുമെന്ന തരത്തില്‍ ഇടതരും ബിജെപിയും ഒരുപോലെ പ്രചരണം നടത്തിയിരുന്നു. പ്രചരണ പ്രവര്‍ത്തനങ്ങളില്‍പോലും ഈ വിഷയം ഉന്നയിച്ച സിപിഎം ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ പിശകുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ സത്യവാങ്മൂലത്തില്‍ ഇതേ കോളം ഒഴിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ
സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച അഫിഡവിറ്റില്‍ ഭാര്യയുടെ പേരിലുള്ള 9.25 സെന്റ് സ്ഥലം ഡവലപ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര നിക്ഷേപം എന്ന കോളത്തിന് ഉത്തരം നല്‍കാതെ വിട്ടിരിക്കുകയാണ്. ആരോപണം ഉന്നയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി അതേ കോളം തന്നെയാണ് പൂരിപ്പിക്കാതെ വിട്ടിരിക്കുന്നത്.