ബംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായ തീവ്രവാദികള്‍ മലപ്പുറം, കൊല്ലം കലക്ട്രേറ്റ് സ്‌ഫോടന കേസിലെ മുഖ്യ ആസൂത്രകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇവരെന്ന് എന്‍ഐഎ പറഞ്ഞു. അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍, മുഹമ്മദ് അയൂബ്, കരീം എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ദാവൂദിനെ ചെന്നൈയില്‍ നിന്നും അബ്ബാസ് അലിയെ മധുരയില്‍ നിന്നുമാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. അബ്ബാസും ബേസ് മൂവ്്‌മെന്റ് അംഗം ഷംസുദ്ദീനും ചേര്‍ന്നാണ് സ്‌ഫോടനം നടത്തുന്നതിനാവശ്യമായ ബോംബുകള്‍ നിര്‍മിച്ചത്. ഇവ പിന്നീട് ദാവൂദും കൂട്ടാളിയായ കരീമും ചേര്‍ന്ന് കലക്ട്രേറ്റ് പരിസരത്ത് സ്ഥാപിക്കുകയായിരുന്നുവെന്ന് എന്‍ഐഎ സംഘം വ്യക്തമാക്കി. 2015 ജനുവരിയിലാണ് സംഘടനയുണ്ടാക്കിയതെന്ന് എന്‍ഐഎ അറിയിച്ചു. അല്‍ഖാഇദ അനുഭാവസംഘടനയായ ബേസ് മൂവ്‌മെന്റ് തന്നെയാണ് മൈസൂര്‍, ചിറ്റൂര്‍ കലക്ട്രേറ്റ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചതെന്നാണ് സൂചന.
അറസ്റ്റിലായ അഞ്ചംഗ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരെ ഇന്ന് ബംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ തെളിവെടുപ്പിനായി മൈസൂരുവിലേക്ക് കൊണ്ടുപോകും. ഇവരെ ചോദ്യം ചെയ്യുന്നതിന് കേരളത്തില്‍ നിന്ന് പ്രത്യേക സംഘവും കര്‍ണാടകയിലേക്ക് പോകും.