മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വീറും വാശിയും ചോരാത്ത പ്രചാരണമാണ് ആഴ്ചകളായി മലപ്പുറത്തിന്റെ മുക്കിലും മൂലയിലും നടന്നത്. പ്രചാരണത്തിലെ യു.ഡി.എഫ് ആധിപത്യം ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയ പ്രതീക്ഷയാണ് പകരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിക്ഷം നേടുമെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വിലയിരുത്തല്‍.
മൂന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്പത് പേരാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനായി 1175 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. ഇത് കൂടാതെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവിയോടെ 111 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏഴ് ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കുന്ന വോട്ടെടുപ്പിനായി 1175 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 14 എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്.
വന്‍ സുരക്ഷാ സന്നാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 2300 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 49 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.