ഷഹബാസ് വെള്ളില
മലപ്പുറം
പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട് മറ്റൊരു കൂടിച്ചേരലിന് സാക്ഷിയായി. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വിങ്ങുന്ന ആ ഉമ്മയും ഒരുനിമിഷത്തെ തെറ്റിന് ജീവന്‍ തന്നെ ബലിയായി നല്‍കാന്‍ വിധിക്കപ്പെട്ടവരുടെ പ്രിയപത്‌നിയും കൊടപ്പനക്കലിലെ പൂമുഖത്ത് മുഖത്തോടുമുഖം നോക്കി നിന്നു തേങ്ങി. തന്റെ മകന്റെ മരണത്തിന് കാരണക്കാരന്‍ വധശിക്ഷയും കാത്ത് ജയിലിലാണ്. അവരുടെ ജീവന്‍ യാചിച്ചാണ് ഭാര്യ മാലതി വന്നിരിക്കുന്നത്. ഈ ഉമ്മ മാപ്പ് നല്‍കിയാല്‍ അത്തിമുത്തുവിന്റെ ജീവന്‍ തിരിച്ചുകിട്ടും. അവര്‍ക്ക് നല്‍കാനുള്ള 30 ലക്ഷം രൂപയുടെ ചെക്ക് മാലതിയുടെ കൈയില്‍ കിടന്ന് വിറച്ചു. പണം സ്വരൂപിച്ച് നല്‍കാന്‍ സഹായിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്.
30 ലക്ഷം രൂപയുടെ ചെക്ക് മാലതി ഉമ്മക്ക് കൈമാറിയ രംഗം വിവരണാധീതമായിരുന്നു. ചെക്ക് ഏറ്റുവാങ്ങിയ ഉമ്മ പൊട്ടിക്കരഞ്ഞു. ഭാര്യക്ക് ആ രംഗം കാണാനെ കഴിഞ്ഞില്ല. മാറി നിന്നവര്‍ തേങ്ങി തേങ്ങി കരഞ്ഞു. ചെക്ക് കൊടുത്തതും മാലതി ആ ഉമ്മയുടെ കാല്‍കലേക്ക് വീണു. പിന്നീട് അവിടെ കണ്ട രംഗങ്ങള്‍ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. മാപ്പ് നല്‍കിയതായുള്ള രേഖ വക്കീലായ അനസ് വരിക്കോടനെ ഏല്‍പ്പിച്ചു. ഇത് ഡല്‍ഹി എംബസി വഴി ഖത്തര്‍ കോടതിയിലെത്തിക്കും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ അത്തിവെട്ടി അര്‍ജുനന്‍ അത്തിമുത്തുവിന്റെ ഭാര്യ മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാടെത്തുന്നത്. കുവൈത്തില്‍ മലപ്പുറം സ്വദേശി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ച ഭര്‍ത്താവിനെ രക്ഷിക്കണമെന്നായിരുന്നു അപേക്ഷ. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്ന മോചന ദ്രവ്യം നല്‍കിയാല്‍ അര്‍ജുനന്‍ രക്ഷപ്പെടും. ഇതിനുള്ള പണം തേടിയായിരുന്നു മാലതിയും പിതാവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അടുത്തെത്തിയത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 25 ലക്ഷം രൂപ കഴിഞ്ഞദിവസം മാലതിക്കും പിതാവിനും മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറിയിരുന്നു.
കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 11 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും. കുവൈത്തിലെ ജലീബില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്തംബര്‍ 21നാണ് സംഭവം. അര്‍ജുനനെ പൊലീസ് പിടികൂടി വിചാരണക്ക് ശേഷം തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു.