അബുദാബി: രാജ്യം പിടിച്ചടക്കാന്‍ വന്നവര്‍ക്കുമുന്നില്‍ വിരിമാറുകാട്ടി നിന്ന മലപ്പുറത്തിന്റെ മഹനീയ പാരമ്പര്യം തുല്യതയില്ലാത്തതാണെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി വ്യക്തമാക്കി.അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച മഹിതം മലപ്പുറം ഫെസ്റ്റില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരന്റെ തീതുപ്പുന്ന തോക്കിനുമുന്നില്‍ മലപ്പുറത്തുകാര്‍ നെഞ്ചുവിടര്‍ത്തിനിന്നു രാജ്യത്തെ സംരക്ഷിക്കുകയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം വരിക്കുകയും ചെയ്തവരാണ്.മലപ്പുറത്തിന്റെ നന്മയും സാഹോദര്യവും മതമൈത്രിയും ആഗോളതലത്തില്‍ മാതൃകയാക്കാവുന്നതരത്തില്‍ മഹത്വം നിറഞ്ഞതാണ്. സാമൂഹിക പരിഷ്‌കരണത്തിലും സാമുദായിക ഐക്യത്തിലും കഴിഞ്ഞകാലങ്ങളില്‍ മലപ്പുറം വന്‍മുന്നേറ്റം നടത്തിയത് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ സഞ്ചരിച്ചുകൊണ്ടായിരുന്നു. അത് വരുംകാലങ്ങളിലും അങ്ങിനെത്തന്നെയായിരിക്കും.
ഇല്ലാകഥകള്‍കൊണ്ട് മലപ്പുറത്തിന്റെ സാഹോദര്യം തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെങ്കില്‍ അവര്‍ അജ്ഞതയുടെ വക്താക്കളാണ്. മലപ്പുറത്തിന്റെ സ്‌നേഹം നുകരാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.മുസ്ലിംലീഗ് തിരൂര്‍ മണ്ഡലം സെക്രട്ടറി വെട്ടം ആലിക്കോയയും പ്രസംഗിച്ചു.മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡണ്ട് അസീസ് കാളിയാടന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെകെ ഹംസക്കോയ സ്വാഗതം പറഞ്ഞു