X

തിരൂര്‍ പറവണ്ണയില്‍ നാല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകര്‍

തിരൂര്‍: പറവണ്ണയില്‍ രണ്ടിടത്തുവച്ചായി നാലു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി ആഷിഖ്, പറവണ്ണ പള്ളിപ്പറമ്പ് സ്വദേശി ബാബു, പുത്തങ്ങാടി സ്വദേശി ജംഷീര്‍, വേളാപുരം സ്വദേശി സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറില്‍ എത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ജംഷീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ആഷിഖിനെ ക്കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടു പേരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

വെട്ടേറ്റ നാലു പേരും മുസ്ലീ ലീഗ് പ്രവര്‍ത്തകരാണ്. സിപിഎം വിട്ട് ഈയിടെ ലീഗില്‍ ചേര്‍ന്നയാളാണ് ബാബു. ഒരു വര്‍ഷം മുമ്പ് പറവണ്ണ വേളാപുരത്ത് മുപ്പതിലധികം യുവാക്കാള്‍ സി പി എം വിട്ട് ലീഗില്‍ ചേര്‍ന്നിരുന്നു. ഇതിനു ശേഷം സിപിഎം ഇവര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചു വിടുകയായിരുന്നു.

തീരദേശത്ത് സമാധാന ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സിപിഎം വീണ്ടും അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. മൂന്ന് ആഴ്ച മുമ്പ് ജലാല്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ കാറിടിച്ചു തെറിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പോലിസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. വീണ്ടും കാറിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് ബൈക്കില്‍ വീട്ടില്‍ പോവുകയായിരുന്ന ജംഷീറിനെയാണ് സംഘം ആദ്യം വെട്ടിയത്. പിന്നീട് ജനതാ ബസാറില്‍ വെച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചവരെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തീരദേശത്ത് സമാധാന ശ്രമങ്ഹള്‍ നടക്കുന്നതിനിടയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലയി നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. എന്നാല്‍ അക്രമികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയും, വാഹനങ്ങള്‍ക്കും വീടിനും നേരെയും തുടര്‍ച്ചയായി നടക്കുന്ന അക്രമത്തില്‍ വെട്ടം പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.യോഗത്തില്‍ എം.പി റാഫി അധ്യക്ഷത വഹിച്ചു. യു.പി ഖമറു, മന്‍സൂര്‍ കാനൂര്‍, കെ.പി സിദ്ധീഖ്, ഹംസക്കുട്ടി പി, ബാബു കളരിക്കല്‍, നാസര്‍ പരിയാപുരം, അര്‍ഫാക്ക് കോട്ടേക്കാട്, മുനവ്വര്‍ വെട്ടം സംസാരിച്ചു.

chandrika: