മാട്ടനപ്പാടി സ്വദേശി വിജയ ലക്ഷ്മിയുടെ മരണാനന്തര ചടങ്ങിന് എത്തുന്നവർക്ക് താമസിക്കാൻ മദ്രസ വിട്ടു നൽകി മദ്രസ കമ്മിറ്റി മാതൃകയായപ്പോൾ മത മൈത്രിയുടെ പ്രതീകം തന്നെയാണ് മലപ്പുറം എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.
ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ സമീപത്തെ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസയിലെ അധ്യാപകനും ഭാരവാഹികളും ക്ലാസിന് അവധിയെടുത്താണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്. വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ ദൂരെ നിന്നെത്തിയ ബന്ധുക്കൾക്കും മറ്റും മദ്രസയുടെ ഇരുനിലക്കെട്ടിടത്തിലാണ് രാത്രി താമസമൊരുക്കിയത്.ഇവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ മദ്രസ ഭാരവാഹികളും മുന്നിലുണ്ടായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ മദ്രസ കമ്മിറ്റി വിജയലക്ഷ്മിയുടെ കുടുംബത്തെ സഹായിച്ചു.
വിജയലക്ഷ്മി- വേലായുധന്‍ ദമ്പതികളും മദ്രസയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയില്‍ ആരെങ്കിലും പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു ഭാഗം വേലായുധന്റെ വീട്ടിലേക്കുള്ളതാണ്. നബിദിനം പോലുള്ള ചടങ്ങുകളില്‍ സഹായിക്കാന്‍ തയ്യല്‍ക്കാരനായ വേലായുധനും കുടുംബവും മദ്രസയിലെത്തും.
ഇതിനിടെയാണ് മലപ്പുറത്തിന്‍റെ സൗഹൃദത്തെയും മതമൈത്രിയെയും പറ്റി പഠിക്കാൻ ആസ്ട്രേലിയൻ സംഘം ജില്ലയിലെത്തിയത്..ഇന്ത്യയിലെ ആസ്ട്രേലിയൻ കോൺസുൽ സാമുവേൽ മയേഴ്സും സംഘവുമാണ് ലപ്പുറത്ത് എത്തിയിരിക്കുന്നത്.മുൻ മാധ്യമപ്രവർത്തകൻ തോപ്പിൽ ഷാജഹാൻ രചനയും സംവിധാനവും നിർവഹിച്ച ‘മലപ്പുറം, കഥകൾക്കപ്പുറം’ എന്ന വിഡിയോ ഡോക്യുമെന്ററി കണ്ടാണ് സംഘം മഞ്ചേരിയിൽ എത്തിയിരിക്കുന്നത്.മലപ്പുറം ജില്ലയിൽ വിവിധ മതവിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിക്കുന്നതിന്‍റെ വിശദാംശങ്ങളായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം.