X

മലപ്പുറം പരാമർശം : കുറ്റക്കാരെ തുണച്ച് മുഖ്യമന്ത്രി ; സംശയം ബലപ്പെട്ടു

ദഹിന്ദു പത്രത്തിൽ സെപ്റ്റംബർ 30ന് വന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ അഭിമുഖത്തിൽ എഴുതി ചേർക്കപ്പെട്ട മലപ്പുറത്തിനെതിരായ പരാമർശങ്ങളുടെ കാരണക്കാരായവർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി. അവർക്കെതിരെ ഒരു വാക്കുപോലും പറയാൻ ഇന്നത്തെ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് മുഖ്യമന്ത്രിയുടെ മൗന സമ്മതത്തോടെയാണ് മലപ്പുറത്തിനെതിരായ ഭാഗങ്ങൾ എഴുതിച്ചേർക്കപ്പെട്ടത് എന്ന സംശയം ബലപ്പെടുത്തുന്നു.

മലപ്പുറം ജില്ലയിൽ 153 കോടിയുടെ സ്വർണ്ണ കടത്തും 123 കോടിയുടെ ഹവാലാപ്പണവും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പോലീസ് പിടികൂടി എന്നും ഈ പണം പോകുന്നത് ദേശവിരുദ്ധ പ്രവർത്തനത്തിന് ആണെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞതായാണ് ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നത്. ഇത് വൻവിവാദമായതോടെ 32 മണിക്കൂർ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഹിന്ദുവിന് തിരുത്തൽ ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ ഭാഗം തന്റേതായി വന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിൻറെ സമ്മതത്തോടെ തന്നെയാണ് വിവാദഭാഗം വന്നത് എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൈസൻ എന്ന പി.ആർ ഏജൻസിയാണ് തങ്ങൾക്ക് മുഖ്യമന്ത്രിയുടെ അഭിമുഖം തരപ്പെടുത്തി തന്നതെന്ന് ഹിന്ദു സമ്മതിച്ചിരുന്നു. വിവാദ ഭാഗം വന്നതിന് കാരണം അവരാണെന്നും അതിൽ ഖേദം ഉണ്ടെന്നും ഹിന്ദു പരസ്യമായി വ്യക്തമാക്കുകയുണ്ടായി .അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഭാഗത്തിന്റെ പേരിൽ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉണ്ടായിരുന്നത് .എന്നാൽ അതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ടാണ് പിണറായി വിജയൻ എന്ന് മറുപടി നൽകിയത്. വാർത്താസമ്മേളനത്തിലൂടെ നിയമം തൻറെ മാനസിക സമ്മർദ്ദം മറച്ചുവെക്കാനായി ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി എന്നാണ് നിരീക്ഷകർ കരുതുന്നത്. തൻറെ അഭിമുഖത്തിനിടെ ഒരാൾ മുറിയിലേക്ക് കടന്നു വന്നു എന്നും അത് പത്രത്തിൻറെ ആളാണെന്നാണ് ധരിച്ചതെന്നും മുഖ്യമന്ത്രി പറയുമ്പോൾ സാധാരണ ഗതിയിൽ അയാളെക്കുറിച്ച് അന്വേഷണം നടത്തുക പതിവാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുക്കാനും പോലീസിൽ വകുപ്പുണ്ട്. എന്നിട്ടും ഇയാളെ തള്ളിപ്പറയാൻ അദ്ദേഹം തയ്യാറായില്ല എന്നത് ‘കള്ളൻ കപ്പലിൽ തന്നെ ‘എന്ന സൂചനയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്

webdesk14: