ഷഹബാസ് വെള്ളില മലപ്പുറം
ഐ.എസ്.എല്ലില്‍ കരഞ്ഞത് സന്തോഷ് ട്രോഫിയില്‍ പലിശ സഹിതം തീര്‍ക്കും. അല്ലെങ്കിലും ഒരുപാട് കരഞ്ഞാല്‍ പിന്നീട് ഒരുപാട് ചിരിക്കാം എന്നാണല്ലോ-സന്തോഷ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മലപ്പുറത്തെ ഒരു ഫുട്‌ബോള്‍ പ്രേമിയുടെ കമന്റാണിത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിരീടം കൈവിട്ടെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ക്ലാസിക്ക് കിരീടമായ സന്തോഷ് ട്രോഫി ഇത്തവണ കേരളത്തില്‍ നിന്നും പുറത്തുപോവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുന്ന മഞ്ചേരി പയ്യനാട് സ്പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയം, കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം എന്നിവ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. എ.ഐ.എഫ്.എഫ് കോമ്പറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വര്‍, പ്രതിനിധി ആന്‍ഡ്രൂര്‍ എന്നിവരാണ് സ്റ്റേഡിയങ്ങള്‍ പരിശോധിച്ചത്. സൗകര്യങ്ങള്‍ക്കെല്ലാം നൂറുമാര്‍ക്ക് നല്‍കിയ സംഘം കുറച്ചു നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമായിരുന്നു ആദ്യ സന്ദര്‍ശിച്ചത്. കോര്‍ണര്‍ ഫ്‌ളാഗിലെ പുല്ലിന്റെ പരിപാലനം, ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ അവശ്യമായ സ്റ്റാന്റ് നിര്‍മാണം, മീഡിയ റൂമിന്റെ സൗകര്യം വര്‍ധിപ്പിക്കല്‍, നിലവിലെ ഫ്‌ളഡ് ലൈറ്റുകളുടെ നവീകരണം, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ നിര്‍ദേശിച്ചത്. ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 10 നകം സ്റ്റേഡിയം എ.ഐ.എഫ്.എഫിന് കൈമാറണമെന്നും അറിയിച്ചു. പയ്യനാട് സ്റ്റേഡിയത്തിന്റെ പരിശോധനക്ക് ശേഷം കോട്ടപ്പടി സ്റ്റേഡിയവും സംഘം പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തി. പുല്ലുകളുടെ പരിപാലനങ്ങളില്‍ തൃപ്തി അറിയിച്ച സംഘം പെയ്ന്റിങ് പ്രവര്‍ത്തനങ്ങളും ഫെന്‍സിങ് മാറ്റിസ്ഥാപിക്കലും വേഗത്തിലാക്കണമെന്ന് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ക്ലീനിങ് പ്രവൃത്തിയും വേഗത്തിലാക്കാനും നിര്‍ദേശിച്ചു. താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി. എ.ഐ.എഫ്.എഫ് സംഘത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യു. ഷറഫലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്‌സിക്യൂറ്റീവ് അംഗങ്ങളായ ഋഷികേശ് കുമാര്‍ പി, കെ. അബ്ദുല്‍ നാസര്‍, സി. സുരേഷ്, കേരള ഫുട്—ബോള്‍ അസോസിയേഷന്‍ പ്രതിനിധി മുഹമ്മദ് സലീം എം, മലപ്പുറം ജില്ലാ ഫുട്—ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അഷ്‌റഫ്, സെക്രട്ടറി പി.എം സുധീര്‍ അനുഗമിച്ചു.
മുപ്പതംഗ കേരള ടീം ഇന്നലെ മുതല്‍ പരിശീലനം ആരംഭിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഹെഡ് കോച്ച് ബിനോ ജോര്‍ജ്, അസിസ്റ്റന്റ് കോച്ച് ടി.ജി പുരുഷോത്തമന്‍ കീപ്പിങ് കോച്ച് സജി ജോയ് എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം. ഏപ്രില്‍ ആദ്യവാരം വരെ കോഴിക്കോട് തന്നെയാകും പരിശീലനം. ആതിഥേയ ജില്ലയായ മലപ്പുറത്തുനിന്നും എട്ട് പേരാണ് കേരള ടീമിലുള്ളത്. കോഴിക്കോട് 4, തിരുവനന്തപുരം 4, എറണാകുളം 2, പാലക്കാട് 3, കണ്ണൂര്‍ 1, ഇടുക്കി 1, തൃശൂര്‍ 3, കാസര്‍കോട് 2, വയനാട് 2 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ളവരുടെ എണ്ണം. പരിശീലനത്തില്‍ മികവ് പുലര്‍ത്തുന്ന 22 അംഗ കളിക്കാരായിരിക്കും ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുക.