മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ആര്‍.എസ്.എസ് ആക്രമിച്ച സംഭവത്തില്‍ പൊലീസിന്റെ അലംഭാവമെന്ന് ആക്ഷേപം ഉയരുന്നു. ഇന്നലെയാണ് പ്രസ്‌ക്ലബ്ബില്‍ കയറി ചന്ദ്രിക ഫോട്ടോഗ്രാഫറെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
മലപ്പുറം- ആര്‍.എസ്.എസ് കാര്യാലയം ആക്രമിച്ചെന്ന് പറാഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ഫോട്ടോ ഫോട്ടോഗ്രാഫര്‍ ഫുആദ് എടുത്തതിനെ തുടര്‍ന്നാണ് പ്രസ്‌ക്ലബ്ബിലേക്ക് കയറിയത്. എന്നാല്‍ പ്രസ്‌ക്ലബ്ബിലേക്ക് ഇരച്ചുകയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തടയാനോ ആക്രമണം ഇല്ലാതാക്കാനോ പൊലീസ് ശ്രമിച്ചില്ല. ഇവരെ പിടികൂടുന്നതിന് പകരം പ്രസ്‌ക്ലബ്ബിന്റെ വാതില്‍ അടക്കാനാണ് പൊലീസ് ശ്രമിച്ചത്.
പ്രസ് ക്ലബ്ബില്‍ കയറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസിന് മുന്നിലൂടെ ഇറങ്ങിപ്പോയിട്ടും അക്രമികളെ പിടികൂടുന്നതിന് പൊലീസിന് സാധിച്ചില്ല. പിന്നീട് ഇതേ പ്രതികള്‍ തന്നെ പൊലീസിനെ ഫോണ്‍ ഏല്‍പ്പിക്കുകയായിരുന്നു. വീണുകിട്ടിയ ഫോണ്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം. ഇതിനിടക്ക് ആസ്പത്രി സന്ദര്‍ശിച്ച എസ്.ഐ ചികിത്സയില്‍ കഴിയുന്ന ചന്ദ്രിക ഫോട്ടോഗ്രഫര്‍ ഫുആദിനെ മൊബൈല്‍ ഫോണ്‍ തിരിച്ചേല്‍പിക്കാനും ശ്രമം നടത്തി.
ഇതിനിടെ ആക്രമണത്തിനിരയായവരുടെ മൊഴിയെടുക്കാന്‍ വന്ന മലപ്പുറം സ്‌റ്റേഷനിലെ എ.എസ്.ഐയും സിവില്‍ പോലീസ് ഓഫീസറും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയതും പ്രതിഷേധത്തിനടയാക്കി. പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാളിന്റെയും ചന്ദ്രിക ബ്യൂറോ ചീഫ് അനീഷ് ചാലിയാറിന്റെയും സാന്നിധ്യത്തില്‍ ഫുആദിന്റെ മൊഴി രേഖപ്പെടുത്തി.