മലപ്പുറം: അടച്ചുപൂട്ടിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് തിങ്കളാഴ്ച്ച പ്രവര്‍ത്തനം പുനരാരംഭിക്കും. കഴിഞ്ഞ അഞ്ചിനാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പുനരാരംഭിക്കാന്‍ കേന്ദ്രവിദേശ കാര്യമന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് നാളെ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത് ആരംഭിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഓഫിസ് പ്രവര്‍ത്തനം തുടരണമെന്നും കെട്ടിടത്തിന്റെ വാടകക്കരാര്‍ ഒരു മാസത്തേക്ക് നീട്ടണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട് കരാര്‍ ഒരുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മലപ്പുറം കിഴക്കേത്തലയില്‍ സ്വകാര്യ കെട്ടിടത്തിലാണ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്്.
കെട്ടിട ഉടമയുമായുള്ള കരാര്‍ കഴിഞ്ഞ മുപ്പതിന് അവസാനിപ്പിച്ചതായിരുന്നു.
പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും നേരത്തെയുണ്ടായിരുന്ന സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാകണമെങ്കില്‍ ഇനിയും സമയമെടുത്തേക്കും. നാളെ മുതല്‍ അത്യാവശ്യമായ കൗണ്ടറുകളും ചുരുക്കം ജീവനക്കാരും മാത്രമേ ഓഫീസിലുണ്ടാവൂ എന്നാണ് വിവരം. ഫോണ്‍ ഉള്‍പെടെയുള്ള സൗകര്യങ്ങള്‍ വീണ്ടും സജ്ജീകരിക്കേണ്ടിവരും. ഓഫീസ് അടച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റിയ പാസ്‌പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാര്‍ വീണ്ടും മലപ്പുറത്തേക്ക് എത്തും.
രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടി ആരംഭിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ മാസം 30 ന് ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ മുസ്്‌ലിംലീഗ് പാര്‍ട്ടിയും മുസ്്‌ലിംലീഗ് എം.പിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ടുള്ള നിവേദനം നല്‍കുകയും ചെയ്തു. കേന്ദ്ര നടപടി ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയത്. ഈ കേസില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ‘സേവ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ’് കാമ്പയിനും വന്‍പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതിനെല്ലാമിടയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവിറങ്ങിയത്. 2006ല്‍ ഇ അഹമ്മദ് വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ് മലപ്പുറത്തിന് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചത്.