X

പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചന: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് ശുഭസൂചനയാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാസ്‌പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ അവസാന ഘട്ടം വരെ എതിര്‍ത്തെങ്കിലും പൊതുജന വികാരത്തെ കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി കുഞ്ഞാലികുട്ടി രംഗത്തെത്തിയത്.

‘സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിന് തുടക്കമിട്ടതും കേന്ദ്ര ഗവണ്‍മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ ആയിരുന്നു. നമ്മുടെ പോരാട്ടം വിജയം കണ്ടു വരുന്നു എന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ ഓഫീസ് മലപ്പുറത്ത് തുടരാനുള്ള തീരുമാനം ശുഭസൂചനയാണ്. ഓഫീസ് കെട്ടിടത്തിന്റെ വാടകക്കരാര്‍ ഒരു മാസത്തേക്ക് പുതുക്കണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന വാര്‍ത്ത തെല്ല് ആശങ്കപ്പെടുത്തുന്നുമുണ്ട്. എങ്കിലും പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തുടരാനുള്ള ഉത്തരവ് പിന്‍വലിക്കില്ലെന്നാണ് പ്രതീക്ഷ. ജനഹിതത്തിനെതിരായിട്ടാണ് സര്‍ക്കാരിന്റെ തീരുമാനം ഇനി വരുന്നതെങ്കില്‍ ജനങ്ങളോടൊപ്പം നിന്ന് നിയമത്തിന്റെ വഴിയില്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും’ ഫേസ്ബുക്ക് കുറിപ്പിലൂടെ കുഞ്ഞാലികുട്ടി പറഞ്ഞു.

chandrika: