കോഴിക്കോട്: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനമായി. വിഷയത്തില്‍ മുസ്‌ലിംലീഗ് നേതാക്കളുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്നാണ് ഓഫീസ് വീണ്ടും തുറക്കാനുള്ള തീരുമാനമുണ്ടാവുന്നത്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടുന്നതെന്നായിരുന്നു അറിയിപ്പ്. ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിന്റെ വക്കിലായി. കഴിഞ്ഞ മാസം 30 വരെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്. ഓഫീസ് അടച്ചുപൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകള്‍ മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
രാജ്യത്തെ 31ാമത്തെ പാസ്‌പോര്‍ട്ട് ഓഫീസാണ് മലപ്പുറത്തേത്. 2006 ആഗസ്ത് 26നാണ് ഈ കേന്ദ്രം സ്ഥാപിതമാകുന്നത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ് ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമത്തെത്തുടര്‍ന്നാണ് മൂന്നു പതിറ്റാണ്ടു കാലത്തെ ആവശ്യത്തിന് പരിഹാരമായത്.
കരിപ്പൂര്‍ വിമാനത്താവളത്തെ തഴഞ്ഞ അതേ നീക്കമാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനു നേരെയുമുണ്ടായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം ആയിരുന്നു. എന്നാല്‍ ഏറെ ആശങ്കകള്‍ക്കൊടുവില്‍ ഓഫീസ് വീണ്ടും തുറക്കാന്‍ തീരുമാനമാവുകയായിരുന്നു.