X
    Categories: MoreViews

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിച്ച് ഉത്തരവായി

 

കോഴിക്കോട്: ഒരു വ്യാഴവട്ടത്തോളം മലപ്പുറത്ത് സേവനത്തിന്റെ മുദ്ര ചാര്‍ത്തിയ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോടില്‍ ലയിപ്പിച്ച് ഉത്തരവായി. രാജ്യത്ത് ഏറ്റവുമധികം പേര്‍ സമീപിക്കുന്ന പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായ മലപ്പുറത്തിന് മികച്ച സേവനത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത 17 ന് മലപ്പുറത്തിന് താഴ് വീഴുന്നതിന് പിറകെ 20 മുതല്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് 36 ജിവനക്കാരെയും മാറ്റി നിയമിച്ചതോടെ സംസ്ഥാനത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ എണ്ണം മൂന്നായി ചുരുങ്ങും.
രാജ്യത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നായ മലപ്പുറത്തിന് യു.പി.എ സര്‍ക്കാറിന്റെ സമ്മാനമായി 2006ലാണ് പാസ്‌പോര്‍ട്ട് അനുവദിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായിരുന്നു സേവനം. പിന്നീട് പാലക്കാടിനെ കൊച്ചിയിലെ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലേക്ക് മാറ്റിയപ്പോഴും തിരക്കിന് കുറവൊന്നുമുണ്ടായിരുന്നില്ല.
പുതിയ തീരുമാനത്തോടെ 17 മുതല്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് കീഴില്‍ കാസര്‍ക്കോട്, കണ്ണൂര്‍, വയനാട് ഉള്‍പ്പെടെ അഞ്ചു ജില്ലകളുടെ ചുമതലയാവും. 48 ജീവനക്കാരാണ് കോഴിക്കോട് ഓഫീസിലുള്ളത്. മലപ്പുറത്തുള്ള 36 പേരും ചേരുന്നതോടെ ഇത് 84 ആവും. പുതിയവര്‍ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയാലും ഓഫീസ് പ്രവര്‍ത്തനം നേരെയാവാന്‍ സമയമെടുക്കും.
ജനസംഖ്യാനുപാതികമായി മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം പാസ്‌പോര്‍ട്ടുകളുള്ള മേഖലയും പുതിയ തീരുമാനത്തോടെ കോഴിക്കോട് മേഖലയാവും. മലപ്പുറം പാസ്‌പോര്‍ട്ട് നിലനിര്‍ത്താനുള്ള ശ്രമവുമായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നീക്കമാണ് ജനപ്രതിനിധികളും സംഘടനകളും ചെയ്തത്. പുതിയ നയവും എന്‍.ഡി.എയുടെ മുന്‍വിധികളുമാണ് തിരിച്ചടിയായത്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പുനഃസ്ഥാപിക്കാന്‍ എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ശ്രമം തുടരുകയാണ്.

chandrika: