X
    Categories: localNews

മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് അരനൂറ്റാണ്ട്: പാതി മനസ്സോടെ തോമസ് ഇനി നാട്ടിലേക്ക്

റഊഫ് കൂട്ടിലങ്ങാടി
മലപ്പുറം

മലപ്പുറം:പത്തൊന്‍പതാം വയസ്സില്‍ തിരുവനന്തപുരത്ത് നിന്ന് ജോലിക്ക് വേണ്ടി വണ്ടി കയറി മലപ്പുറത്തെത്തിയ തോമസിന് 47 വര്‍ഷത്തെ മലപ്പുറത്തിന്റെ സ്‌നേഹം നുകര്‍ന്ന് കൊതിതീര്‍ന്നിട്ടില്ലെങ്കിലും ഒടുവില്‍ ഭാര്യയുടെ അസുഖം കാരണം നിര്‍ബന്ധിതാവസ്ഥയില്‍ നാട്ടിലേക്ക് മടങ്ങുന്നു.

തിരുവനന്തപുരം ജില്ലയിലെ പാറശാല മണ്ഡലത്തില്‍ കൊല്ലഞ്ചി പഞ്ചായത്തിലെ മാര്‍ത്താണ്ഡം തട്ടാലം സ്വദേശി പരേതരായ ആന്റണിയുടെയും കൊച്ചമ്മാളിന്റെയും അഞ്ച് മക്കളില്‍ രണ്ടാമനായ തോമസ് മൂന്നാം ക്ലാസ് വരെയാണ് സ്‌കൂളില്‍ പോയിട്ടുള്ളത്. കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍ . കുടുംബത്തിന്റെ ദാരിദ്യം കാരണം പഠനം നിര്‍ത്തേണ്ടി വന്നു.
നാട്ടില്‍ ചെറിയ ചെറിയ ജോലികളില്‍ സഹായിയായി പോകാന്‍ തുടങ്ങി. 1974 ല്‍ പത്തൊന്‍പതാം വയസ്സില്‍ അമ്മാവന്റെ മകന്റെ കൂടെ ജോലി തേടി മലപ്പുറത്തേക്ക് വണ്ടി കയറി. പടവ് തേപ്പ് തുടങ്ങിയ നിര്‍മ്മാണ ജോലികളിലായി വറ്റലൂരിലായിരുന്നു തുടക്കം. പിന്നീട് കൂട്ടിലങ്ങാടിയില്‍ സ്ഥിരതാമസമായി.കൂട്ടിലങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി നിര്‍മ്മാണ മേഖലയില്‍ കരിങ്കല്‍, ചെങ്കല്ല്, ഹോളോ ബ്രിക്‌സ് പടവ് ,സിമന്റ് തേപ്പ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെട്ടു.

ഇക്കാലയളവില്‍ നാട്ടില്‍ പോയി വിവാഹം കഴിച്ചു. നാട്ടില്‍ സ്വന്തമായി വീട് വെക്കുകയും മക്കളായ സജിത, അജിത, സന്തോഷ് എന്നിവരുടെ വിവാഹവും നടത്തി. കൂട്ടിലങ്ങാടിയില്‍ ഒട്ടേറെപ്പേരുമായി ബന്ധം സ്ഥാപിച്ചതിനാല്‍ മക്കളുടെ വിവാഹത്തിന് ഇവിടെ നിന്ന് നിരവധി പരിചയക്കാരെ ക്ഷണിക്കുകയും പലരും പങ്കെടുക്കുകയും ചെയ്തിരുന്നു.

തോമസിന്റെ കൂടെ ജോലി ചെയ്തിരുന്ന പലരും ചെറുകിട കരാറുകാരും സൂപ്പര്‍വൈസര്‍മാരുമൊക്കെ ആയെങ്കിലും അറുപത്താറുകാരനായ തോമസ് ഇപ്പോഴും കൂലിപ്പണിക്കാരന്‍ തന്നെ. ഇടക്കാലത്ത് 10 വര്‍ഷമായി ഫര്‍ണീച്ചര്‍ കടയില്‍ സുരക്ഷാ ജീവനക്കാരനായും ജോലി ചെയ്യുന്നു.

47 വര്‍ഷം മുമ്പ് പണികൂലി 3540 രൂപയും ചായക്ക് 12 പൈസയും ഒരു കഷ്ണം പുട്ടിന് 25 പൈസയും മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ചാര്‍ജ് 44 രൂപയുമായിരുന്നുവെന്ന് തോമസ് ഓര്‍ക്കുന്നു.

നാല് വര്‍ഷം മുമ്പ് അഛനും മൂന്ന് വര്‍ഷം മുമ്പ് അമ്മയും മരണപ്പെട്ടു. ഏക മകന്‍ വിദേശത്തായതിനാല്‍ നാട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന കിടപ്പിലായ ഭാര്യയെ ശുഷ്രൂഷിക്കാന്‍ ആരുമില്ലാത്തതിനാല്‍ തോമസിന് നാട്ടിലേക്ക് തിരിച്ചു പോവുകയല്ലാതെ നിവൃത്തിയില്ല.
കൂട്ടിലങ്ങാടിയുമായുള്ള അഭേദ്യമായ ബന്ധം കാരണം മനസ്സില്ലാമനസ്സോടെയാണ് തോമസ് കൂട്ടിലങ്ങാടിയില്‍ നിന്നും മടങ്ങുന്നത്.
ശാന്തനും സൗമ്യനും മിതഭാഷിയുമായ തോമസിന് മലപ്പുറത്തെക്കുറിച്ച് നല്ലത് മാത്രമെ പറയാനുള്ളു. മലപ്പുറത്ത് വന്നവരാരും തിരിച്ച് പോകാന്‍ ഇഷ്ടപ്പെടില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണെന്നും മലപ്പുറത്തെ അരനൂറ്റാണ്ട് കാലത്തെ വാസം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും പേരിന് പോലും ഒരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും തോമസ് പറയുന്നു.

47 വര്‍ഷമായി കൂടെ നിന്ന് സ്‌നേഹവും കരുതലും തുണയും സംരക്ഷണവും നല്‍കിയ നാട്ടുകാരോട് നന്ദി പറഞ്ഞ് നാടു മുഴുവന്‍ നടന്ന് യാത്ര പറച്ചിലിലാണ് തോമസ് ഇപ്പോള്‍. കൂടെ ഇടക്കിടെ വീണ്ടും വരുമെന്ന ഉറപ്പും.
തിരിച്ച് പോകുമ്പോള്‍ കൊണ്ട് പോകാന്‍ കാര്യമായ സാധനങ്ങളോ സമ്പാദ്യങ്ങളോ ഒന്നുമില്ല. ആകെയുള്ളത് നന്‍മ നിറഞ്ഞ ഒരു പിടി ഓര്‍മ്മകള്‍ മാത്രം.

web desk 1: