കൊടിഞ്ഞി(മലപ്പുറം): മലപ്പുറം കൊടിഞ്ഞിയില്‍ ഇസ്‌ലാം മതം സ്വീകരിച്ച പുല്ലാണി ഫൈസലിനെ വെട്ടിക്കൊന്ന കേസില്‍ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു.
ഗൂഢാലോചനയില്‍ പങ്കെടുത്ത ആറു പേരെയും കൊലപാതകത്തിന് സഹായം നല്‍കിയ രണ്ടു പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് പുല്ലാണി വിനോദ്, പുളിക്കല്‍ ഹരിദാസന്‍, പുളിക്കല്‍ ഷാജി, പുല്ലാണി സജീഷ്, ചാലത്ത് സുനി, കളത്തില്‍ പ്രദീപ്, തയ്യില്‍ ഹരിദാസന്‍, കോട്ടയില്‍ ജയപ്രകാശ് എന്നിവരാണ് അറസ്റ്റിലായവര്‍. മതം മാറിയതിലെ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ പൊലീസിന്റെ വലയിലായതായാണ് സൂചന. നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്.
അറസ്റ്റിലായവര്‍ക്ക് ആര്‍.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. അറസ്റ്റിലായ ജയപ്രകാശ് തീവ്രഹിന്ദു സംഘടനയുടെ പരപ്പനങ്ങാടിയിലെ പ്രാദേശിക നേതാവാണ്. മുന്‍ സൈനികന്‍ കൂടിയാണിദ്ദേഹം.
ഒക്ടോബര്‍ അവസാന വാരത്തില്‍ നന്നമ്പ്ര മേലേപ്പുറത്തുള്ള ആര്‍.എസ്.എസ് കേന്ദ്രത്തില്‍ വെച്ചായിരുന്നു കൊലപാതകത്തിന്റെ ഗൂഢാലോചനാ യോഗം. യോഗ തീരുമാനങ്ങള്‍ തിരൂരിലെ സംഘടനയുടെ പ്രമുഖ നേതാവിനെ അറിയിച്ചിരുന്നു. സംഭവദിവസം ഫൈസല്‍ ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനായി താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നുണ്ടെന്ന വിവരം സജീഷ് അറിയിച്ചതു പ്രകാരം, കൊലപാതകത്തില്‍ പങ്കെടുത്ത മൂന്നു പേര്‍ പുലര്‍ച്ചെ 4.55ന് കൊടിഞ്ഞിയിലെ ഫൈസലിന്റെ താമസസ്ഥലത്തെത്തി.
ഫൈസല്‍ സഞ്ചരിച്ച ഓട്ടോ ബൈക്കില്‍ പിന്തുടരുകയും ഫാറൂഖ് നഗറില്‍ തടഞ്ഞ് വെട്ടിക്കൊല്ലുകയുമായിരുന്നു. പരിശീലനം ലഭിച്ച വിദഗ്ധ കൊലയാളികളാണ് സംഭവത്തിനു പിന്നില്‍ എന്ന് പൊലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള ബേക്കറിയിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണത്തില്‍ വഴിത്തിരിവായി.
ചെമ്മാട് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ ത്താസമ്മേളനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി വി.എം പ്രദീപ്, സി.ഐമാരായ ബാബുരാജന്‍, എം. മുഹമ്മദ് ഹനീഫ, അലവി, എസ്.ഐമാരായ വിശ്വനാഥന്‍ കാരയില്‍, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.