ജിദ്ദ: ഐപിഎല്‍ ടീമുകളിലേക്ക് താരലേലത്തിലൂടെ എത്തിയത് മൂന്ന് കേരള താരങ്ങള്‍ മാത്രം. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും വിഗ്നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാനായിരുന്നു. പതിനെട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ അര്‍ഷ്ദീപ് സിംഗാണ് ലേലത്തിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍.
ട്രെന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും 12.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജോഷ് ഹെയ്സല്‍വുഡിനെയും 11.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും 10.75 കോടിക്ക് ആര്‍സിബി ഭുവനേശ്വര്‍ കുമാറിനെയും 10.75 കോടിക്ക് ഡല്‍ഹി ടി നടരാജനേയും പത്തുകോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).