X

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ പൂര്‍ത്തീകരണം: എം.എല്‍.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചു

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി എം.എല്‍.എയുടെ 2022-23 വര്‍ഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കിയതായി പി. ഉബൈദുള്ള എം.എല്‍.എ അറിയിച്ചു.സാങ്കേതിക കാരണങ്ങളാല്‍ വിനിയോഗിക്കാന്‍ സാധിക്കാതിരുന്ന 90 ലക്ഷത്തിന്റെ കെ.എസ്.ആര്‍.ടി.സി ഫണ്ടുപയോഗിച്ചുള്ള സിവില്‍ – ഇലക്ട്രിക്കല്‍ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍ എ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം KSRTC ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 2016 ജനുവരിയില്‍ ആരംഭിച്ചെങ്കിലും ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി രൂപ ചെലവഴിച്ച് ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. നാലു നിലകളിലുള്ള പ്രൊജക്ടിന്റെ തുടര്‍ പ്രവൃത്തികള്‍ക്ക് സര്‍ക്കാരോ കെ.എസ്.ആര്‍.ടി.സി യോ ഫണ്ട് അനുവദിക്കാത്തത് കാരണം പദ്ധതി പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കാതെ ടെര്‍മിനല്‍ ജോലികള്‍ അനന്തമായി നീണ്ടു പോയ സാഹചര്യത്തിലാണ് പദ്ധതി പൂര്‍ത്തീകരണത്തിന് രണ്ട് കോടി രൂപ എം.എല്‍.എ ഫണ്ട് അനുവദിച്ചത്. യാര്‍ഡിന്റെയും ബാക്കിയുള്ള കെട്ടിട നിര്‍മാണ പ്രവൃത്തികളും ഇതുപയോഗിച്ച് പൂര്‍ത്തീകരിക്കും.

ജില്ലാ ആസ്ഥാനമായ മലപ്പുറം ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന KSRTC സബ് ഡിപ്പോയോട് അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ KSRTC ക്ക് നല്ല വരുമാന മാര്‍ഗമാവും. ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണം രണ്ടാം ഘട്ട പണികള്‍ക്ക് ഈ വര്‍ഷത്തെ 20 20ബജറ്റില്‍ അഞ്ച് കോടി രൂപ അടങ്കല്‍ നിശ്ചയിച്ച് ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ട്. ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

webdesk11: