വിവിധ രീതിയിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് അടുത്തിടെ വേട്ടയാടപ്പെട്ടവരാണ് മലപ്പുറത്തുകാര്‍. പരാമര്‍ശങ്ങള്‍ മാത്രമല്ല, ക്ഷേത്രം തകര്‍ത്ത് ആക്രമണങ്ങള്‍ക്കും വരെ ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനെയൊക്കെ മലര്‍ത്തിയടിച്ച് മലപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ മണ്ണാണെന്ന് മലപ്പുറത്തുകാര്‍ തെളിയിച്ചിട്ടുണ്ട്. 400-ഓളം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ കാഴ്ച്ചയൊരുക്കിയിരിക്കുകയാണ് മലപ്പുറത്തെ ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രം.
ക്ഷേത്രം പുന:പ്രതിഷ്ഠയുടെ ഭാഗമായി ക്ഷേത്രനിര്‍മ്മാണം നടത്തിവരികയായിരുന്നു. പ്രതിഷ്ഠയുടെ ഭാഗമായാണ് വെട്ടിച്ചിറയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കപ്പെട്ടത്. ഇഫ്താറില്‍ ക്ഷണിക്കപ്പെട്ട എല്ലാ വീടുകളില്‍ നിന്നുള്ളവരും പങ്കെടുത്തു. പ്രതീക്ഷിച്ചതിനേക്കാള്‍ പേരെത്തിയതിനാല്‍ അയല്‍വീട്ടില്‍ കൂടി ഭക്ഷണം വിളമ്പിയിരുന്നു. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് സഹായം നല്‍കിയിരുന്നത് മുന്നൂറിലേറെയുള്ള മുസ്‌ലിം കുടുംബങ്ങളായിരുന്നുവെന്നതും മതസൗഹാര്‍ദ്ദത്തിന്റെ മാറ്റ് കൂട്ടുന്നു.
മതസൗഹാര്‍ദ്ദത്തിന്റെ നല്ല അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ഞങ്ങള്‍ മാനവികതക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.