ഷഹബാസ് വെള്ളില
മലപ്പുറം
മലപ്പുറം ഗവ. കോളജില്‍ നിന്നും ബാറ്ററി മോഷണത്തിന് അറസ്റ്റിലായ എസ്.എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കം ഏഴ് പേരും ഇന്നും സുരക്ഷിതര്‍. അടുത്ത മാസം ഒരു വര്‍ഷം തികയുന്ന കേസില്‍ എസ്.എഫ്.ഐക്കാരായ പ്രതികളെ പരമാവധി സംരക്ഷിച്ചുനിര്‍ത്തിയിട്ടുണ്ട് പൊലീസും സര്‍ക്കാറും. കേസിന്റെ കുറ്റപത്രം ഹാജരാക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ പൊലീസിനായി.
2022 ജൂലൈ മാസത്തിലാണ് കോളജില്‍ നിന്നും വിലപിടിപ്പുള്ള ബാറ്ററിയും പ്രൊജക്ടറുമടക്കം മോഷണം പോയതായി പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കുന്നത്. അന്വേഷണത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയടക്കം ഏഴ് പേരാണ് പ്രതികള്‍ എന്ന് തിരിച്ചറിഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തു. കാമ്പസ് യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയുമായിരുന്ന തലശ്ശേരി സ്വദേശി വിക്ടര്‍ ജോണ്‍സണ്‍, എസ്.എഫ്.ഐ കാമ്പസ് സെക്രട്ടറിയേറ്റ് അംഗങ്ങളും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുമായ നന്മണ്ട സ്വദേശി ആദര്‍ശ് രവി, മഞ്ചേരി സ്വദേശി അഭിഷേക്, സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളുമായ പുല്ലാര സ്വദേശി നിരഞ്ജന്‍ ലാല്‍, പന്തല്ലൂര്‍ സ്വദേശി ഷാലിന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍, ഇവരുടെ സഹായിയും ഹോസ്റ്റലിലെ സഹതാമസക്കാരനുമായ അരീക്കോട് സ്വദേശി ആത്തിഫ് എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. 15 ദിവസത്തെ റിമാന്റിന് ശേഷം മുഴുവന്‍ പ്രതികളും ജാമ്യത്തിലിറങ്ങി. പ്രതികള്‍ക്കായി സി.പി.എം നേതാവ് എ. വിജയരാഘവന്റെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെയും മകന്‍ അഡ്വ. ഹരികൃഷ്ണന്‍ തന്നെ ഹാജരായതും മോഷ്ടാക്കളെ സി.പി.എം ചേര്‍ത്തുപിടിക്കുന്നതിന് തെളിവായി. 15 ദിവസത്തെ കോളജ് സസ്‌പെന്‍ഷനും കഴിഞ്ഞ് പ്രതികള്‍ കോളജിലും തിരിച്ചെത്തി. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതികള്‍ക്ക് സമന്‍സ് ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 17നാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളെല്ലാം കോളജില്‍ മൂന്ന് വര്‍ഷത്തെ പഠനവും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുകയാണ്.
കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് ഇവര്‍ മോഷ്ടിച്ചത്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളതും മോഷ്ടിച്ചു. ഇവ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രിക്കടകളില്‍ വില്‍പ്പന നടത്തി പണമാക്കി. ഈ തുക ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനും ചെലവാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കോളജില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റിങിലാണ് മോഷണ വിവരം അറിഞ്ഞത്.