X

മലപ്പുറത്ത്‌ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

 

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ ഡി സുജിത് പെരേരയുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളാണ് സ്ഥാപനങ്ങൾ പരിശോധിച്ചത്.

രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിശോധന മൂന്നു മണിവരെ നീണ്ടു. 30 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന് ഇംപ്രൂവ്മെന്റ് നോട്ടീസ് നൽകുകയും ചെയ്തു.

പരിശോധനയിൽ രമിത കെ ജി, അശ്വതി എപി, മുഹമ്മദ് മുസ്തഫ കെ സി, ജി ബിനു ഗോപാൽ, സിബി സേവിയർ, രാഹുൽ എം എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡി സുജിത് പെരേര അറിയിച്ചു.

webdesk14: