X

മലപ്പുറം ഫഌഷ്‌മോബ്:പോലീസ് കേസെടുത്ത അക്കൗണ്ടുകള്‍ ഇവയാണ്

മലപ്പുറത്ത് എയ്ഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്‌മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം എന്നിവയ്‌ക്കെതിരെയുള്ള വകുപ്പുകളും ഐ.ടി നിയമത്തിലെ വകുപ്പുകളും അനുസരിച്ചാണ് കേസ്. അനസ് പി.എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ് അല്‍ അറഫ, അഷ്‌കര്‍ ഫരീഖ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ നിരീക്ഷണ വിധേയമാക്കിയിരുന്നു. ഇവ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ബോധവല്‍ക്കരണത്തോടനുബന്ധിച്ചാണ് പെണ്‍കുട്ടികള്‍ ഫഌഷ്‌മോബ് കളിച്ചത്. പെണ്‍കുട്ടികള്‍ക്കെതിരെ അപവാദപ്രചാരണവും അധിക്ഷേപവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലടക്കം പെണ്‍കുട്ടികളെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച കൊഴുത്തപ്പോഴാണ് വിവാദം അതിരുവിട്ടത്. തുടര്‍ന്നാണ് നിയമനടപടികളിലേക്കെത്തുന്നത്.

chandrika: