അബുദാബി: മാലോക മനസ്സില്‍ മഹിതമായി രേഖപ്പെടുത്തിയ മലപ്പുറത്തിന്റെ മഹത്വവും മനുഷ്യത്വവും അബുദാബിയുടെ മണ്ണില്‍ ഒരു നേര്‍കാഴ്ചയുടെ വിരുന്നായി അരങ്ങൊരുങ്ങുന്നു.ഈ മാസം 17,18 തിയ്യതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മലപ്പുറം ജില്ലാ കെഎംസിസിയാണ് മലപ്പുറത്തിന്റെ മനോഹരമായ കാഴ്ചകളും അനുഭവങ്ങളും ‘മഹിതം മലപ്പുറം’ എന്ന പേരില്‍ ഒരുക്കുന്നത്.
മലപ്പുറം ജില്ലയുടെ മഹിതമായ മത മൈത്രിയും, മാനുഷിക മൂല്യങ്ങളുടെ മഹത്വവും പാരമ്പര്യവും കലാ-സാംസ്‌കാരിക പൈതൃകവുമെല്ലാം അരങ്ങൊരുക്കിയാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷം സംഘടിപ്പിക്കുന്നത്.
സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും, തനതായ മലപ്പുറത്തിന്റെ രുചി കൂട്ടുകളും, കായിക മികവുമെല്ലാം ഇവിടെ നേരില്‍ കണ്ടാസ്വദിക്കാന്‍ കഴിയും.
ജൂണ്‍ 17ന് ശനിയാഴ്ച വൈകീട്ട് നാലു മുതല്‍ പതിനൊന്നുവരെയും 18 ന് രാവിലെ 9 മുതല്‍ രാത്രി പതിനൊന്ന് വരെയുമായിരിക്കും മലപ്പുറം ഫെസ്റ്റ് നടക്കുകയെന്ന് ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വൈവിധ്യങ്ങള്‍ ആഘോഷിക്കാനും കലാപരമായ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം കൂടിയാണ്. പ്രവാസലോകത്ത് ഇതുവരെ ഉണ്ടായതില്‍ ന്ിന്നും തികച്ചും വ്യത്യസ്ഥവും അതിവിപുലവുമായ വിധത്തിലാണ് മലപ്പുറം ഫെസ്റ്റ് നടക്കുകയെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
നൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ മേളയുടെമാറ്റുകൂട്ടും. കൂടാതെ പ്രശസ്ത കലാകാരന്‍ ശ്രീ മധുലാല്‍ കൊയിലാണ്ടിയുടെ കലാപ്രകടനവും ഉണ്ടായിരിക്കും. വിനോദത്തോടൊപ്പം വിജ്ഞാനവും സമ്മാനിക്കുന്ന വിവിധ സ്റ്റാളുകളും കേരളീയതയുടെ നിത്യക്കാഴ്ചകളായ തട്ടുകടകളും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മനോഹരകാഴ്ചകളും മേളയില്‍ പ്രധാന ആകര്‍ഷണങ്ങളായിരിക്കും.
അബുദാബി സംസ്ഥാന കെഎംസിസിയിലെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റിയായ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് 16 മണ്ഡലങ്ങളിലായി പതിനായിരത്തോളം അംഗങ്ങളുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്കല്‍, മലപ്പുറം ജില്ലാ കെഎംസിസി ഉപദേശകസമിതിയംഗം ടികെ അബ്ദുല്‍ സലാം, മലപ്പുറം ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍, ജനറല്‍ സെക്രട്ടറി ഹംസക്കോയ കെ കെ, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, ഫെസറ്റ് ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട്, പ്രായോജകരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് പ്രതിനിധി ഡോ: നവീന്‍ ഹൂദ് അലി (ഡയറക്ടര്‍ ഓപ്പറേഷന്‍സ് എല്‍എല്‍എച്ച് ആന്റ് മിഡിയോര്‍ ഹോസ്പിറ്റല്‍) മുഹമ്മദ് ശരീഫ് (മാനേജിങ് ഡയറക്ടര്‍ ടോബ്സ് ആന്റ് താസ ഓണ്‍ലൈന്‍ സര്‍വീസ്) എന്നിവര്‍ സംബന്ധിച്ചു.