മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പില്‍ 7.58ശതമാനം വോട്ടുകളാണ് ബി.ജെ.പി നേടിയിരുന്നത്. എന്നാല്‍ 73ശതമാനം വോട്ടെണ്ണിയപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടു. ബി.ജെ.പിക്ക് 6.8ശതമാനം വോട്ടുമാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. 171290 വോട്ടു ലഭിച്ച് യു.ഡി.എഫ് മുന്നേറുകയാണ്. ഇടതിന്റെ സ്വാധീന മേഖലയിലും യു.ഡി.എഫിനാണ് മുന്നേറ്റമുണ്ടായിരിക്കുന്നത്.
കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മലപ്പുറത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ മലപ്പുറത്ത് മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ബീഫ് വിഷയമായിരുന്നു ബി.ജെ.പിയുടെ തിരിച്ചടിക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. ജയിച്ചാല്‍ മണ്ഡലത്തില്‍ ഗുണമേന്‍മയുള്ള ബീഫ് വിതരണം ചെയ്യുമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ദേശീയ രാഷ്ട്രീയത്തിലും ബീഫ് വിഷയത്തില്‍ ഇതേ നിലപാടാണോ പാര്‍ട്ടിക്കുള്ളതെന്ന് വ്യക്തമാക്കണമെന്ന് ചോദ്യം ഉയര്‍ന്നു. പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ സ്ഥാനാര്‍ത്ഥിയോട് കുമ്മനം രാജശേഖരന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കേരളത്തില്‍ പശുവിനെ കൊല്ലാന്‍ സമ്മതിക്കില്ലെന്നും അതിന് ധൈര്യമുള്ളവരെ വെല്ലുവിളിക്കുകയാണെന്നും പറഞ്ഞ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. ബീഫ് വിഷയത്തില്‍ മലപ്പുറത്ത് നടത്തിയ പരാമര്‍ശത്തില്‍ ശിവസേന രംഗത്തെത്തിയതും ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമായി.