X

മലപ്പുറം ഭൂചലന തീവ്രത 1.9; ആശങ്കപ്പെടാനില്ലെന്ന് ഭൗമ നിരീക്ഷണ കേന്ദ്രം

മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ 6.20 നും 6.30നുമിടയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തി. മഞ്ചേരിക്കടുത്ത് ആനക്കയമാണ് സെക്കന്റുകള്‍ നീണ്ട ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. പീച്ചിയിലെ ഭൂകമ്പ മാപിനിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.

മഞ്ചേരി, മലപ്പുറം, പൂക്കോട്ടൂര്‍, 22-ാം മൈല്‍ വള്ളുവമ്പ്രം, പുല്ലാര, പന്തല്ലൂര്‍, അരിമ്പ്ര, കൊണ്ടോട്ടി എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വലിയ കുലുക്കവും ശബ്ദവും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കിയത്. വീടുകളിലും കെട്ടിടങ്ങളിലും ഇത് കാര്യമായി അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വലിയ ആഘാതമുള്ള ശബ്ദത്തോടൊപ്പം മഴ വരുന്നതു പോലെയുള്ള ഇരമ്പലും കേട്ടതായി പറയുന്നു. വീടുകളില്‍ പാത്രങ്ങളും ജനല്‍ ചില്ലുകളും ഇളകിയത് ജനങ്ങളില്‍ പരിഭ്രാന്തി വര്‍ധിപ്പിച്ചു. സംഭവത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ചിലയിടങ്ങളില്‍ നടക്കുന്ന സ്വാഭാവിക പ്രതിഭാസം മാത്രമാണ് ഇന്നലെ സംഭവിച്ചതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്) അധികൃതര്‍ വ്യക്തമാക്കി. ചലനത്തിന്റെ ആഘാതത്തില്‍ പലരും വീടുവിട്ടിറങ്ങി. വലിയ കെട്ടിടത്തിനു മുകളില്‍ വരെ ചലനത്തിന്റെ ആഘാതം പ്രകടമായി. എന്നാല്‍ എവിടെയും ആളപയമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തില്‍ ഭൂചലനമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന ചലനവും അറിയാന്‍ ശേഷിയുള്ള പീച്ചിയിലെ ഭൂകമ്പ മാപിനിയില്‍ ഇന്തോനേഷ്യയിലെ സുമാത്ര ജക്കാര്‍ത്തയില്‍ ശക്തമായ ഭൂചലനം (7.8 റിക്ടര്‍ സ്‌കെയില്‍) രേഖപ്പെടുത്തിയതായി ഇവര്‍ വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രതിഫലനമാകാം കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഭവിച്ച നേരിയ ചലനമെന്ന് തിരുവനന്തപുരം ഭൗമനിരീക്ഷണ കേന്ദ്രം അധികൃതര്‍ വ്യക്തമാക്കി.

chandrika: