X

‘മലപ്പുറം ജില്ലയും സലീമെന്ന പേരും’; നെടുമ്പാശ്ശേരിയില്‍ അനുഭവപ്പെട്ട ദുരവസ്ഥ പങ്കുവെച്ച് ഗായകന്‍ സലീം കോടത്തൂര്‍

മലപ്പുറം: മുസ്ലിം പേരും മലപ്പുറം ജില്ലക്കാരനുമായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് ആല്‍ബം ഗായകന്‍ സലീം കോടത്തൂര്‍. ഈ രണ്ടു കാരണങ്ങള്‍ കൊണ്ട് വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനക്ക് വിധേയനാകേണ്ടി വന്ന ദുരവസ്ഥയാണ് സലീം ഫേസ്ബുക്ക് പോസ്റ്റിലൂടെയും ലൈവിലൂടെയും പങ്കുവെച്ചത്. ഇതു കാരണം ജില്ല മാറ്റണോ, പേരു മാറ്റണോ എന്ന സംശയത്തിലാണെന്നും സലീം തന്റെപോസ്റ്റില്‍ കുറിച്ചു.

‘മലപ്പുറം ജില്ലയും സലീം എന്ന പേരും. എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല. പാസ്‌പോര്‍ട്ടിലെ പേരു നോക്കി പ്രത്യേക സ്‌കാനിങ്, അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളു. ഞാന്‍ ജില്ല മാറ്റണോ പേരു മാറ്റണോ എന്ന സംശയത്തിലാണ്’ എന്നാണ് സലീമിന്റെ പോസ്റ്റ്. സലീമിന്റെ കുറിപ്പിനു താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി വരുന്ന മലപ്പുറം ജില്ലയിലെ 90 ശതമാനം പ്രവാസികളും അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ചിലര്‍ കമെന്റില്‍ ചൂണ്ടിക്കാട്ടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറിലേക്ക് സംഗീത പരിപാടിക്കായി പുറപ്പെട്ട സലീം കോടത്തൂര്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ തിരിച്ചെത്തിയത്. സ്‌കാനിങ് അടക്കമുള്ള എല്ലാവിധ പരിശോധനകളും കഴിഞ്ഞ ശേഷമാണ് ചിലര്‍ തന്നെ പ്രത്യേക പരിശോധനക്കായി കൂട്ടികൊണ്ടുപോയത്. പാസ് പോര്‍ട്ടിലെ പേരു നോക്കിയാണ് ഇവര്‍ പരിശോധന കര്‍ശനമാക്കുന്നത്. മുസ്ലിം പേരും മലപ്പുറം ജില്ലക്കാരുമായാല്‍ പ്രത്യേക പരിശോധന നടത്തുക എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നതായും സലീം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തതിന്റെ പോസ്റ്ററും ഗായകനാണെന്നു തെളിയിക്കുന്ന മുഴുവന്‍ കാര്യങ്ങളും ഉദ്യോഗസ്ഥര്‍ മുമ്പാകെ കാണിച്ചു കൊടുത്തെങ്കിലും രക്ഷയുണ്ടായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രികര്‍ തന്നെ ഒരു കള്ളകടത്തുകരാനായി കാണുന്ന അവസ്ഥ സങ്കടകരമാണെന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയില്‍ പറഞ്ഞു. അടിവസ്ത്രം വരെ അഴിച്ചു നടത്തിയ പരിശോധന തന്നെ മാനസികമായി തളര്‍ത്തിയെന്നും സലീം കോടത്തൂര്‍ പറയുന്നു. മണിക്കൂറുകള്‍ നീണ്ട പിശോധനക്ക് ശേഷമാണ് എയര്‍പോര്‍ട്ടില്‍ നിന്നും സലീമിന് പുറത്തിറങ്ങാനായത്.

Test User: