X

രാഹുലിനു ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ മലപ്പുറത്തെ മണ്ഡലങ്ങള്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുമ്പോള്‍ ആവേശത്തിമര്‍പ്പിലാണ് മലപ്പുറം ജില്ല. ജില്ലയില്‍ നിന്നുള്ള യു.ഡി.എഫ് കോട്ടകളായ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിലാണ്. ലോക്‌സഭാ മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കിലും മൂന്നു ജില്ലകളില്‍ (വയനാട്,കോഴിക്കോട്, മലപ്പുറം) നീണ്ടു കിടക്കുന്ന മണ്ഡലത്തിന്റെ ഒരറ്റം മലപ്പുറത്തിന്റെ പൂര്‍ണ മലയോരമേഖലയാണ്. നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങളായിരുന്നു ഇത്. 2009ല്‍ മണ്ഡലം പുനക്രീമികരിച്ചതോടെയാണ് ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങള്‍ വയനാട് മണ്ഡലത്തിന്റെ ഭാഗമായി മാറിയത്. യു.ഡി.എഫിന്റെ സുരക്ഷിത സീറ്റായ വയനാടിന് വിജയത്തിളക്കം പകരുന്ന മണഡലങ്ങളാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ളവ. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും 2009ലും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളും മലപ്പുറം ജില്ലയില്‍ നിന്നാണ്. രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ആവേശകൊടുമുടിയിലാണ് ജില്ലയൊട്ടുക്കും. മലപ്പുറം, പൊന്നാനി ലോക് സഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരില്‍ വര്‍ധിത ആവേശം പ്രകടമാണ്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെയും ഭൂരിപക്ഷം വര്‍ധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ മൂന്ന് ലോക്‌സഭാമണ്ഡലങ്ങളിലും നക്ഷത്രശോഭയോടെയാകും യു.ഡി.എഫ് വീജയമെന്നുറപ്പ്.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കാനുള്ള ത്രില്ലിലാണ് വോട്ടര്‍മാര്‍, ഇതൊരു ഭാഗ്യമായി കരുതുന്നവരാണ് വോട്ടര്‍മാര്‍, ഇന്ത്യന്‍ മതേതരത്വത്തെ തിരിച്ചുകൊണ്ടുവരുന്നതിനു മഹായുദ്ധത്തലേര്‍പ്പെട്ട രാഹുലിനു സര്‍വപിന്തുണയും നല്‍കുന്നതില്‍ ചരിത്രങ്ങളുറങ്ങുന്ന മലപ്പുറത്തിന്റെ പങ്ക് തിളക്കമുള്ളതാകും. യു.ഡി.എഫിന്റെ പ്രത്യേകിച്ച് മുസ്‌ലിംലീഗിന്റെ കരുത്തുറ്റ തട്ടകമാണ് മലപ്പുറം ജില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വയനാടിന്റെ ഭൂരിപക്ഷത്തിന്റെ ചിത്രമെടുത്താല്‍ മലപ്പുറത്തിന്റെ തിളക്കത്തിനു ശോഭയേറെയാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 20870 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് വയനാട് നിന്നും വിജയിച്ചത്. ഇതില്‍ ഏറനാട് മണ്ഡലം 18838 വോട്ടുകളുടെയും വണ്ടൂര്‍ 12267 വോട്ടുകളും നിലമ്പൂര്‍ 3266 വോട്ടുകളും ഭൂരിപക്ഷം നല്‍കി. കല്‍പ്പറ്റയും (1880) തിരുവമ്പാടിയും (2385) യു.ഡി,എഫ് ലീഡ് ചെയ്തു. മാനന്തവാടിയും (8666) സുല്‍ത്താന്‍ ബത്തേരി (8983) മാത്രമാണ് ഇടതു മുന്നണിക്ക് ലീഡ് ചെയ്യാനായാത്. എം.ഐ ഷാനവാസ് 377035 വോട്ടുകള്‍ നേടി. സിപിഐയിലെ സത്യന്‍മൊകേരി 356165 വോട്ടുകള്‍ മാത്രമാണ് നേടിയത്. യുഡി.എഫ് നേടിയ വോട്ടുകളില്‍ 172502 വോട്ടുകളും മലപ്പുറത്തെ മണഡലങ്ങളില്‍ നിന്നായിരുന്നു. ഏറനാട് (56566) വണ്ടൂര്‍ (60249) നിലമ്പൂര്‍(55403) തപാല്‍വോട്ട് (284)എന്നീക്രമത്തില്‍ യു.ഡി,ഫിനു വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിനു ആകെ 137847 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2009ലെ തെരഞ്ഞെടുപ്പില്‍ 153439 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം,ഐ ഷാനവാസ് വിജയിച്ചത്. മലപ്പുറത്തെ മണ്ഡലങ്ങള്‍ തിളക്കമാര്‍ന്ന ഭൂരിപക്ഷം സമ്മാനിച്ചു. ഇക്കുറിയും ചരിത്ര ഭൂരിപക്ഷത്തില്‍ ചരിത്രം രചിക്കുന്നതും മലപ്പുറത്തെ വയനാട് മണഡലങ്ങള്‍ തന്നെയാകുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.
രാഹുലിന്റെ വരവ് എന്തെന്നില്ലാത്ത ആവേശമാണ് ഇവിടെ പ്രകടമാകുന്നത്. വോട്ടര്‍മാരിലും യു.ഡി,എഫ് പ്രവര്‍ത്തകരിലും ആവേശത്തിരയിളക്കം രാഹുലിനു വോട്ടായിമാറുമെന്നുറപ്പ്. രാഹുലിന്റെ ഭൂരിപക്ഷം ലക്ഷങ്ങള്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇടതുപക്ഷത്തിനു തീരെ പ്രതീക്ഷയില്ലാത്ത വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ ഇടതിന്റെ സ്ഥിതി അതിദയനീയമാകുകയും ചെയ്യും. ഇക്കുറി ആകെയുള്ള 1325788 വോട്ടര്‍മാരില്‍ 579083 വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നുള്ളതാണ്. ഏറനാട് 166320, വണ്ടൂര്‍ 210051, നിലമ്പൂര്‍ 202712 വോട്ടര്‍മാരുണ്ട്. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആവേശകരമായ തുടക്കമായിട്ടുണ്ട്. ഏറനാട്,വണ്ടൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ കഴിഞ്ഞു. ഇരു കണ്‍വന്‍ഷനുകളും ജനസമുദ്രമായിരുന്നു. പഞ്ചായത്ത് ,ബൂത്ത് കണ്‍വന്‍ഷനുകള്‍ ഉടന്‍ നടക്കും. നേതാക്കളുടെ പര്യടനങ്ങളുടെ ഷെഡ്യൂര്‍ തയ്യാറാകുന്നു. ദേശീയ ശ്രദ്ധയിലേക്ക് ജില്ലയിലെ മണ്ഡലങ്ങളും മാറുകയാണ്. ഭാവിപ്രധാനമന്ത്രിയെ ലഭിക്കുന്നതിലെ ആഹ്ലാദം അലയടിക്കുകയാണ് എങ്ങും. ചുമരുകളില്ലാം രാഹുലിനു സ്വാഗതമോതി എഴുത്തുകളുയര്‍ന്നു. തങ്ങളുടെ ബൂത്തില്‍ നിന്നാകണം ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എന്ന അതീവ താല്‍പ്പര്യം പ്രവര്‍ത്തകരില്‍ പ്രകടമാണ്.
ഏറനാട് മണ്ഡലത്തിലെ ചാലിയാര്‍, അരീക്കോട്, എടവണ്ണ, കാവനൂര്‍,കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി. കുഴിമണ്ണ, നിലമ്പൂര്‍ മണ്ഡലത്തിലെ അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി. മൂത്തേടം,നിലമ്പൂര്‍, പോത്തുകല്‍, വഴിക്കടവ്. വണ്ടൂര്‍ (എസ്.സി സംവരണം) മണ്ഡലത്തിലെ ചോക്കോട്, കാളികാവ്. കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി. തുവ്വൂര്‍, വണ്ടൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ജില്ലയിലെ വയനാട് മണ്ഡലം. പി,കെ ബഷീര്‍ (ഏറനാട്) എ,പി അനില്‍കുമാര്‍ (വണ്ടൂര്‍) എന്നിവരാണ് ജില്ലയിലെ മണ്ഡലത്തിലെ യു.ഡി.എഫ് സിറ്റിംങ് എം.എല്‍.എമാര്‍. നിലമ്പൂരില്‍ ഇടതു സ്വതന്ത്രനാണ് എം.എല്‍.എ.

web desk 1: