പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഒരു സാധാരണ കുടുംബത്തിന്റെ സ്വപ്‌നവും പ്രതീക്ഷയുമായിരുന്ന ജിഷ്ണു പ്രണോയി എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മരണം കേരള സമൂഹത്തിലാകെ കടുത്ത പ്രതിഷേധവും ദു:ഖവും രോഷവും പടര്‍ത്തിയിരിക്കുന്നു. ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കുടംബമാകെ നിരാഹാര സമരത്തിലായിരുന്നു. ജിഷ്ണുവിന്റെ മാതാവ് മഹിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലും പിതാവും അമ്മാവനും ഉള്‍പ്പെടെ മറ്റു ബന്ധുക്കള്‍ പുറത്തും നിരാഹാര സമരം അനുഷ്ഠിക്കുകയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജിഷ്ണുവിന്റെ സഹോദരി വീട്ടില്‍ നിരാഹാര സമരം നടത്തേണ്ടിവരികയും ചെയ്ത അസാധാരണ സാഹചര്യമുണ്ടായി. കഴിഞ്ഞ ദിവസം നാദാപുരത്ത് ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ ആ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ആ പ്രദേശത്തുള്ള ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നു. ആ വീട്ടിലെ അന്തരീക്ഷം അങ്ങേയറ്റം വേദനാജനകമാണ്. പൊലീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും നീതി തേടി ഒരു കുടുംബത്തിന് നിരാഹാര സമരത്തിലേക്ക് പോകേണ്ടിവന്ന അവസ്ഥയുണ്ടായത് ദു:ഖകരമാണ്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ഏറ്റവും കുറഞ്ഞ ആവശ്യം അംഗീകരിച്ചുകിട്ടാനാണ് ഇത്തരത്തില്‍ ഒരു കുടുംബത്തിന് സമരം ചെയ്യേണ്ടിവന്നത്.
സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും സമാന്യ നീതി മാത്രമാണ് അവര്‍ കാംക്ഷിക്കുന്നത്. അത് നല്‍കാന്‍ കഴിയാതെ വരുന്നത് വലിയ പരാജയമാണ്. പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ വെച്ച് മഹിജക്ക് നേരെ പൊലീസ് നടത്തിയ ക്രൂരത എല്ലാവരും കണ്ടതാണ്. മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് നേരെ എത്ര നിഷ്ഠൂരമായാണ് ഒരു സംഘം പൊലീസുകാര്‍ പെരുമാറിയത്. ഒരു നിലക്കും ഒളിച്ചുവെക്കാന്‍ കഴിയാത്ത വിധം കേരളവും ലോകവും ദൃക്‌സാക്ഷിയായ ആ സംഭവങ്ങളെ ന്യായീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഒരമ്മക്ക് നേരെ ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. മന:സാക്ഷി നഷ്ടപ്പെട്ട ജനതയായി നമ്മള്‍ മാറിക്കൂടാ. രാഷ്ട്രീയത്തിനപ്പുറം മാനവികതയെ ശക്തമായി ഉയര്‍ത്തിപിടിക്കുന്നവരാണ് മലയാളികള്‍. നന്മയും മനുഷ്യത്വവും ഇല്ലാത്ത ഭാവികേരളമല്ല, മനുഷ്യനന്മയില്‍ അധിഷ്ഠിതമായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഉണ്ടാകേണ്ടത്. അതിന് വേണ്ടിയുള്ള പരിശ്രമമാണ് രാഷ്ട്രീയ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും, മുഴുവന്‍ മനുഷ്യരും നടത്തേണ്ടത്.
ഭരണഘടനാദത്തമായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ജനാധിപത്യവും മതേതരത്വവും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിലനില്‍ക്കേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ഐക്യത്തോടെയുള്ള നിലനില്‍പ്പിന് അനിവാര്യമായ ജനാധിപത്യവും മതേതരത്വവും ഭീഷണിയിലാണെന്നതാണ് വസ്തുത. ഒരു വശത്ത് ഫാസിസവും മറുവശത്ത് കമ്മ്യൂണിസ്റ്റ് അക്രമവും എല്ലാവിധ പരിധികളും ലംഘിച്ച്, ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു . കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഫാസിസ്റ്റ് അക്രമത്തിന്റെയും മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെയും സംരക്ഷകരായി മറിയിരിക്കുന്നു. ജനജീവിതത്തെ ദുരിതമയമാക്കുന്ന നയങ്ങള്‍ നിര്‍ബാധം കൈക്കൊള്ളുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. രണ്ട് സര്‍ക്കാരുകളുടെയും പൊലീസ് നയം ജനാധിപത്യ വിരുദ്ധവും, ജനവിരുദ്ധവുമാണ്. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പൊലീസ്, ഇതിന് കടകവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം എന്ന മൗലീകാവകാശം സംരക്ഷിക്കുന്നതില്‍ ദേശീയാടിസ്ഥാനത്തിലും സംസ്ഥാനത്തും പൊലീസ് പരാജയപ്പെടുന്നത് ചരിത്രത്തില്‍ മുമ്പ് സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്.
നിരന്തരം സ്ത്രീ പീഡന വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുന്ന അവസ്ഥയാണ് മലയാളികള്‍ക്ക് ഇന്നുള്ളത്. ദിനംപ്രതിയെന്നോണം കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമം വര്‍ധിച്ചുവരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അക്രമം സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കേസെടുക്കാത്ത സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. എന്നാല്‍ പരാതിക്കാരെ ഭീഷണിപ്പെടുത്തി പൊലീസ് മടക്കിയയച്ച നിരവധി സംഭവങ്ങളുണ്ടായി. പാലക്കാട് 13 വയസ്സുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട്, പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവമുണ്ടായി. പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട വിധത്തില്‍ അന്വേഷണമുണ്ടായില്ല. മൂത്ത പെണ്‍കുട്ടി മരിച്ച് 50 ദിവസം കഴിയുംമുമ്പ് ഇളയ പെണ്‍കുട്ടിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നിരുന്നുവെങ്കില്‍ ഇളയ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകമായിരുന്നു. കഴിഞ്ഞ നിരവധി മാസങ്ങളായി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമ കേസുകളില്‍ പൊലീസ് സ്വീകരിക്കുന്ന നിലപാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എത്രമാത്രം അനാസ്ഥയോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് പൊലീസ് പരാതികള്‍ കൈകാര്യം ചെയ്യുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇങ്ങനെയൊരു സ്ഥിതി മുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല.
മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാര്‍ ഉണ്ടാകരുതെന്നത് നന്മയുടെ പക്ഷത്ത് നില്‍ക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അമ്മമാരുടെ കണ്ണീരിനാല്‍ കുതിരുകയാണ് കേരളം. ഉത്തരവാദികള്‍ ആരാണെങ്കിലും യഥാര്‍ത്ഥ പ്രതികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാന്‍ ഇച്ഛാശക്തി പ്രകടിപ്പിക്കുകയാണെങ്കില്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. പക്ഷഭേദങ്ങളില്ലാതെ കുറ്റവാളികളെ ശിക്ഷിക്കാന്‍ നടപടി ഉണ്ടാകണം. എന്നാല്‍ കേരള പൊലീസിന്റെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുമ്പോള്‍, ഇതിനുള്ള സാധ്യത കാണാന്‍ കഴിയുന്നില്ല. പക്ഷവല്‍ക്കരണം നീതിയേയും നിയമത്തേയും നോക്കുകുത്തിയാക്കും വിധം ആഴത്തിലാണുള്ളത്. ജനാധിപത്യ സംഘടനകളുടെ ശാക്തീകരണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കൂ.
ജനജീവിതത്തെ ദുസ്സഹമാക്കുന്ന വിധം നാട്ടില്‍ വിലക്കയറ്റം ഉണ്ടായിരിക്കുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന തടയുന്നതിന് ഒരു നടപടിയുമുണ്ടാകാത്തത് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. റേഷന്‍ സംവിധാനം ഇതുപോലെ നിശ്ചലമായ സ്ഥിതി മുമ്പുണ്ടായിട്ടില്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലെ ഗൗരവം സര്‍ക്കാര്‍ മനസ്സിലാക്കാതെ പോകുന്നത് നിരാശ ഉളവാക്കുന്ന കാര്യമാണ്.
യു.ഡി.എഫിന്റെ മദ്യനയം തിരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നാടിനും കുടുംബത്തിനും ആപത്തായ മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ട്, ഘട്ടംഘട്ടമായി മദ്യനിരോധനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. ഈ ആഗ്രഹത്തിനൊപ്പമാണ് മുന്‍ സര്‍ക്കാര്‍ നിലകൊണ്ടത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയത്തില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മദ്യം വ്യാപകമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നയം തയാറാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ടൂറിസത്തിന്റെയും മറ്റും മറവിലാണ് ഇതിന് തുനിയുന്നത്. എന്നാല്‍ ഭാവി തലമുറയെ നാശത്തിലേക്കും നാടിനെ വിനാശത്തിലേക്കും നയിക്കുന്നതാകും ഈ നടപടി. മദ്യവിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം.
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാകുന്നത് എന്തുകൊണ്ടാണെന്ന് പുനരാലോചന നടത്താന്‍ സര്‍ക്കാറിനെ നയിക്കുന്നവര്‍ ശ്രമിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ സംഭവിക്കുന്നത് ഇതാണ്. എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്തേണ്ടിവന്ന സ്ഥിതി എത്ര ഗുരുതരമാണെന്ന് സര്‍ക്കാറിന് മനസ്സിലാകുന്നില്ല. ജനങ്ങള്‍ ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടര്‍ മാത്രമല്ല, ശക്തമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നുണ്ട്. ജനങ്ങളുടെ എതിര്‍പ്പിനെ മനസ്സിലാക്കിയതു കൊണ്ടാകണം മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വളരെ നിരാശയോടെയാണ് അവര്‍ മത്സരിക്കുന്നത്. യു.ഡി.എഫാകട്ടെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ശക്തമായ പോരാട്ടമായാണ് കാണുന്നത്. ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് മലപ്പുറത്ത് നടക്കുന്നത്. വിജയത്തിനപ്പുറം, ഉജ്വലമായ വിജയം നേടണമെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം സംസ്ഥാനതലത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഫാസിസ്റ്റ് അജണ്ട, ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യന്‍ ജനസാമാന്യത്തിന് മേല്‍ നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍, അതിനെതിരായി ദേശീയതലത്തില്‍ ശക്തമായ മതേതര കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും കെ. കരുണാകരനും സി.എച്ചും ഉള്‍പ്പെടെയുള്ളവര്‍ വളര്‍ത്തിയെടുത്ത മതേതര, ജനാധിപത്യ ശക്തി കേരള രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റം നമ്മളെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വന്ദ്യ സഹോദരന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആ മതേതര ചേരിക്ക് മൂന്നര പതിറ്റാണ്ടോളം നേതൃത്വം നല്‍കി. ഈ മാതൃകയില്‍ ദേശീയ തലത്തില്‍ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റിലെത്തണം.
തീന്‍മേശ വരെയെത്തിയ ഫാസിസം മരണക്കിടക്കയിലേക്കും പ്രവേശിച്ചിരിക്കുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദവും പ്രഭയുമായിരുന്ന ഇ.അഹമ്മദ് സാഹിബിനോട് മരണാനന്തരം കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ ഫാസിസ്റ്റ് ക്രൂരത മറക്കാന്‍ കഴിയില്ല. സ്വന്തം മക്കള്‍ക്ക് പോലും പ്രവേശനം നിഷേധിച്ച്, കൊടുംക്രൂരത കാട്ടിയ സര്‍ക്കാറിന്റെ ഫാസിസ്റ്റ് നടപടി തിരുത്താന്‍ കൊടുംതണുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആസ്പത്രിയിലെത്തേണ്ടി വന്നു. സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആ ഇടപെടലിലൂടെ ഉയര്‍ത്തിപ്പിടിച്ചത്, ഇന്ത്യയുടെ മതേതര, ജനാധിപത്യ വിശ്വാസങ്ങളെയും ന്യൂനപക്ഷ പിന്നാക്ക, അധഃസ്ഥിത ജനതയുടെ പ്രതീക്ഷകളെയുമാണ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യനന്മയുടെയും ഒരുമ ദേശീയതലത്തില്‍ ശക്തിപ്പെടുത്തി, ഫാസിസത്തെ പരാജയപ്പെടുത്താന്‍ കഴിയണം. അതിനായി ഓരോരുത്തരും കഴിവിന്റെ അങ്ങേയറ്റം പരിശ്രമിക്കണം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫാസിസത്തിനും അക്രമരാഷ്ട്രീയത്തിനും എതിരായ ഒരുമയുടെ സന്ദേശമാണ്.