X

മലപ്പുറം ഒരു സന്ദേശമാണ്; പാഠവും

ടി.പി.എം ബഷീര്‍

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ജനവിധി നിരവധി ശുഭസൂചനകള്‍ നല്‍കുന്നുണ്ട്. സംഘപരിവാരം രാജ്യത്തുടനീളം വളര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണത്തെ മലപ്പുറം നിതാന്ത ജാഗ്രതയോടെ പ്രതിരോധിച്ചു എന്നതാണ് അതില്‍ പ്രധാനം.
മുസ്‌ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടേയും ഉരുക്കു കോട്ടയാണ് മലപ്പുറം എന്ന ബോധ്യമുണ്ടായിട്ടും നിലവിലുള്ള വോട്ടിന്റെ (64705) മൂന്നിരട്ടിയെങ്കിലും നേടാന്‍ കഴിയുമെന്ന അമിത പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാല്‍ 2014-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 970 വോട്ടുകള്‍ മാത്രമാണ് അധികം നേടാനായത്. 2016-ല്‍ നേടിയ (73446) വോട്ടിനേക്കാള്‍ 7771 വോട്ടുകള്‍ കുറയുകയും ചെയ്തു.
മൂന്നു ലക്ഷത്തോളം ഹിന്ദുവോട്ടുകള്‍ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ മതേതര വോട്ടുകളുടെ വികേന്ദ്രീകരണത്തിലൂടെ ഭാവിയില്‍ വിജയം കൈയെത്താദൂരത്താണെന്ന് ഉത്തര്‍പ്രദേശിലെ വിജയം ഉദാഹരിച്ച് പല കുടുംബയോഗങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകരില്‍ ആവേശം ജനിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാം ദിവാസ്വപ്‌നമായി മാറി.
വര്‍ഗീയ സംഘര്‍ഷങ്ങളുടെ നൈരന്തര്യം സൃഷ്ടിച്ച അരക്ഷിതാവസ്ഥയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തും ജീവന്‍ രക്ഷിക്കുകയെന്ന നിസ്സഹായവസ്ഥയെ മുതലെടുത്ത് ന്യൂനപക്ഷ വോട്ടുകള്‍ നേടാനും വിജയിക്കാനും ബി.ജെ.പിക്ക് ഉത്തര്‍പ്രദേശിലും മറ്റും കഴിഞ്ഞിട്ടുണ്ട്. ഈ ജുഗുപ്‌സാവഹമായ വര്‍ഗീയതയിലൂടെ മലപ്പുറം മനസ്സിനെ കീഴടക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ‘ഹലാല്‍ ബീഫ്’ കച്ചവടം എന്ന തന്ത്രം പയറ്റാനും ബി.ജെ.പി മടിച്ചില്ല.
ഗോവധത്തിന്റെ പേരില്‍ മുസ്‌ലിംകളും ദലിതുകളുമായ പാവം മനുഷ്യരെ സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുന്ന കാടത്തത്തിന്റെ വിധാതാക്കള്‍ മലപ്പുറത്ത് ഹലാല്‍ ബീഫ് വിതരണം ഏറ്റെടുക്കുന്നതിലെ വൈരുദ്ധ്യം ദേശീയതലത്തിലും ചര്‍ച്ചയായി. പിന്നീട് വിഴുങ്ങിയെങ്കിലും ബി.ജെ.പിയുടെ കാപട്യം ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നരേന്ദ്രമോദി ഭരണകൂടത്തിന്റെ ദുരന്തം ഒന്നിനു പിറകെ ഒന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുടെ മുമ്പില്‍ ഭരണനേട്ടങ്ങള്‍ അവതരിപ്പിച്ച് വോട്ടു നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. അവരുടെ ഏക ആയുധം വര്‍ഗീയതയാണ്. അതും ഫലിച്ചില്ല. അങ്ങനെ ബി.ജെ.പി. തീര്‍ത്തും നിസ്സഹായരും നിരായുധരുമായി. അത് മലപ്പുറത്തിന്റെ മതേതര മനസ്സിന്റെ വിജയമായിരുന്നു.
രണ്ടാമത്തെ കാര്യം, തികച്ചും രാഷ്ട്രീയമായ പ്രചാരണത്തിലൂടെ കളം നിറഞ്ഞു നിന്ന ഒരു തെരഞ്ഞെടുപ്പില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകളോടെ മലപ്പുറം വിധിയെഴുതി എന്നതാണ്. ലോകസഭാ തെരഞ്ഞടുപ്പായതിനാല്‍ ദേശീയ രാഷ്ട്രീയവും മോദി ഭരണത്തിന്റെ കെടുതികളും ഫാസിസത്തിന്റെ വളര്‍ച്ചയും അത് രാജ്യത്തിന് എത്രമാത്രം ഭീഷണി ഉയര്‍ത്തുന്നുവെന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒപ്പം ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിന്റെ കെടുകാര്യസ്ഥതയും പൊലീസ് അതിക്രമങ്ങളും കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിലെ ഇരട്ടത്താപ്പും വര്‍ഗീയ രാഷ്ട്രീയ കൊലപാതകങ്ങളും പൊതുവിതരണ സമ്പ്രദായം തകര്‍ന്നതും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സ്വാഭാവികമായും പ്രചരണരംഗത്ത് നിറഞ്ഞു നിന്നിട്ടുണ്ട്. ജനവിധി സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടെയാണ് സംസ്ഥാന രാഷ്ട്രീയം പ്രചാരണത്തില്‍ മേല്‍ക്കൈ നേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വാദത്തെ പിന്തുണക്കാതിരുന്നതും കൊടിയേരി തന്നെ പറഞ്ഞത് അബദ്ധമായെന്ന മട്ടില്‍ നിലപാട് മയപ്പെടുത്തിയതും ഇടതു സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരമുണ്ട് എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്.
കേന്ദ്ര-സംസ്ഥാന ഭരണത്തെ വിലയിരുത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണം ശക്തിപ്പെട്ടതോടെ ബി.ജെ.പിയും ഇടതുപക്ഷവും പ്രതിരോധത്തിലായി. ഇതിനെ മറികടക്കാന്‍ കഴിയാതെ ബി.ജെ.പി നിസ്സഹായരായപ്പോള്‍ അവരുടെ റോളിലേക്ക് തന്ത്രപരമായ ചുവടുമാറ്റം നടത്തുകയായിരുന്നു സി.പി.എം. മതനിരപേക്ഷതയുടെ അപ്പോസ്തലന്മാര്‍ വര്‍ഗീയതയുടെ സുവിശേഷം വിളമ്പുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും സമീകരിച്ച് കൊടിയേരി നടത്തിയ പ്രസ്താവന അതിന്റെ സൂചനയായിരുന്നു. വര്‍ഗീയമായ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ട് മാത്രം ശ്രദ്ധേയനായ യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത് പോലും ഭാവി ഇന്ത്യയുടെ ആപത് സൂചനയായി മതേതര മനസ്സുകള്‍ ആശങ്കപ്പെടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ വെള്ളപൂശാന്‍ കൊടിയേരി ശ്രമിക്കുന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേയും പാണക്കാട് കുടുംബത്തിന്റെയും സമര്‍പ്പിത ജീവിതം സഹിഷ്ണുതാ ഭാവത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കേരളീയ പരിസരം സൃഷ്ടിക്കുന്നതില്‍ വഹിച്ച നിസ്തുലമായ പങ്ക് പൊതുസമൂഹത്തിന്റെ സര്‍വാംഗീകൃത യാഥാര്‍ത്ഥ്യമായിരിക്കെ കൊടിയേരിയുടെ ഈ സമീപനം യോഗി ആദിത്യനാഥ് എന്ന വര്‍ഗീയതയുടെ വ്യാപാരിയെ മഹത്വവല്‍ക്കരിക്കുകയാണ്. ഭൂരിപക്ഷ വര്‍ഗീയതയെ തലോടി വോട്ടു നേടാനുള്ള സൃഗാലസൂത്രം! ഈ കൊടിയേരിയാണ് ജനവിധി എതിരായപ്പോള്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ ഏകീകരണം എന്ന കെട്ടുകഥയുമായി രംഗത്തുവന്നത്.
മലപ്പുറത്ത് മതസാമുദായിക ശക്തികളുടെ ഏകീകരണമെന്ന് ജനവിധിയെപ്പറ്റി ഇടതു സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ പ്രതികരിച്ചപ്പോള്‍ തോറ്റ സ്ഥാനാര്‍ത്ഥിയുടെ വിഭ്രാന്തിയെന്നാണ് ധരിച്ചത്. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ഈ വാദത്തെ പിന്തുണച്ച് രംഗത്തുവന്നതോടെ പാര്‍ട്ടി നിലപാടും വ്യക്തമായി. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണ മേഖലയാണെന്ന കടുത്ത ആക്ഷേപവുമായി സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗപ്രവേശം ചെയ്തു. 1952 മുതല്‍ മുസ്‌ലിംലീഗ് ജയിച്ചുവന്ന (ഒരു തവണയൊഴികെ) ഒരു മണ്ഡലത്തില്‍ മുസ്‌ലിംലീഗിന് അനുകൂലമായ ഒരു ജനവിധിയുടെ പേരില്‍ ഒരു ജനതയെ മൊത്തം വര്‍ഗീയവാദികളാണെന്ന് ആക്ഷേപിക്കുന്ന സി.പി.എം സംഘപരിവാരത്തിന്റെ നാവായി മാറുകയാണോ? എങ്കില്‍ ഇത് ദുരന്തം തന്നെയാണ്. സമൂഹമാധ്യമങ്ങള്‍ സി.പി.എമ്മിന് സമ്മാനിച്ച ‘സംഘാവ്’ എന്ന പുതിയ പദാവലി എത്രമാത്രം അന്വര്‍ത്ഥമായിരിക്കുന്നു.
എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചുവെന്ന കഥയില്ലായ്മയും കൊടിയേരി ഉന്നയിക്കുന്നുണ്ട് യാഥാര്‍ത്ഥ്യമെന്താണ്? എസ്.ഡി.പി.ഐ മനസ്സാക്ഷി വോട്ട് ചെയ്യാനും വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനുമാണ് തീരുമാനിച്ചത്. മുസ്‌ലിംലീഗിന്റെ നിലപാടുകള്‍ക്ക് തീവ്രത പോരെന്നും ലീഗ് സമുദായ താല്‍പര്യങ്ങള്‍ക്ക് ഒപ്പമല്ലെന്നും ആരോപിച്ച് ലീഗ് വിരോധത്തിന്റെ അടിത്തറയില്‍ നിലവില്‍ വന്ന സംഘടനകളാണ് നാഷണല്‍ ലീഗും, പി.ഡി.പി.യും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഈ സംഘടനകള്‍ സ്വന്തമായി മത്സരിക്കുകയോ പലപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുകയോ ചെയ്ത ചരിത്രമാണുള്ളത്. മുസ്‌ലിംലീഗ് വിരുദ്ധ സംഘടനകള്‍ എന്ന നിലയില്‍ സി.പി.എം. ഈ സംഘടനകളെ പ്രോത്സാഹിപ്പിച്ച സന്ദര്‍ഭങ്ങളുമുണ്ട്. എസ്.ഡി.പി.ഐയുടെ മന:സാക്ഷി ആരോടൊപ്പമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. വസ്തുത ഇതായിരിക്കെ എസ്.ഡി.പി.ഐ.യുടെ മന:സാക്ഷി വോട്ടും, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ചെയ്യാത്ത വോട്ടും യു.ഡി.എഫിന്റെ കണക്കില്‍ ചേര്‍ത്ത് നടത്തുന്ന അഭ്യാസത്തിന് അവാര്‍ഡ് നല്‍കി ആദരിക്കണം.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4,37,723 വോട്ടും 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 4,91,575 വോട്ടും യു.ഡി.എഫ് നേടി. 54,852 വോട്ടുകളുടെ വര്‍ധനവ്. 2017-ല്‍ മാത്രം വര്‍ദ്ധിച്ചത് 22,755 വോട്ടുകള്‍. എന്നാല്‍ ഇടതുപക്ഷ മുന്നണി 2014ല്‍ 2,12,984 വോട്ടും, 2016ല്‍ 3,73,879 വോട്ടും നേടി. വര്‍ദ്ധനവ് 1,60895. 2017ല്‍ 3,44,307 വോട്ടുകള്‍ നേടിയപ്പോള്‍ കുറഞ്ഞത് 29,572 വോട്ടുകള്‍. ഈ വോട്ടുനഷ്ടം മറച്ചുവെക്കാനാണ് 2014ലും 2017ലും മാത്രം താരതമ്യം ചെയ്തത്.
2016 തമസ്‌കരിക്കുന്നതും, തങ്ങള്‍ക്ക് വോട്ട് വര്‍ദ്ധിച്ചുവെന്ന് സമര്‍ത്ഥിക്കുന്നതും. 2014-ല്‍ എസ്.ഡി.പി.ഐക്ക് 47,823 വോട്ടും, വെല്‍ഫയര്‍ പാര്‍ട്ടിക്ക് 29,216 വോട്ടും 21,829 വോട്ട് ‘നോട്ട’ക്കും ലഭിച്ചിരുന്നു. ആകെ 98,898 വോട്ട്. 2014ല്‍ ഇടതു സ്ഥാനാര്‍ത്ഥിയായ പി.കെ. സൈനബയോടുള്ള നിഷേധ വോട്ടാണ് ‘നോട്ട’ക്ക് ലഭിച്ചതെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത്തവണ ‘നോട്ട’ക്ക് വോട്ട് കുറയുകയും (4098) എസ്.ഡി.പി.ഐ മനസാക്ഷി വോട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഇടതുപക്ഷത്തിന് വോട്ടിങ് ശതമാനം കൂടിയിട്ടുണ്ട്. ഈ ‘അന്തര്‍ധാര’ സജീവമായിരുന്നില്ലെങ്കില്‍ ഇടതുപക്ഷത്തിന് 2014-ലേക്കാള്‍ വോട്ട് കുറയുകയും കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ടു ലക്ഷം കവിയുകയും ചെയ്യുമായിരുന്നു. മതേതരത്വം ഇനിയും തെളിയിക്കാന്‍ കഴിയാത്തതു കൊണ്ട് ഇടതു മുന്നണി പ്രവേശം ലഭിക്കാത്ത നാഷണല്‍ ലീഗിന്റേയും വര്‍ഗീയ കക്ഷിയെന്ന് ഇടതുപക്ഷം തന്നെ ആക്ഷേപിച്ച പി.ഡി.പി.യുടെയും വോട്ടുകള്‍ സ്വന്തമാക്കിയ ശേഷം മുസ്‌ലിംലീഗിനെ ന്യൂനപക്ഷ വര്‍ഗീയതയും സാമുദായിക ധ്രുവീകരണവും പറഞ്ഞ് ആക്ഷേപിക്കുന്നത് പുതിയ ‘സംഘാവബോധ’ത്തിന്റെ ലക്ഷണമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായാണ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിച്ചത്. മലപ്പുറത്ത് ഒട്ടേറെ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കാറുണ്ട്. എല്ലാവര്‍ക്കും ഒരുപോലെ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഈ ജില്ലയിലുണ്ട്. സി.പി.എം. നേതാക്കളായ ഇ.കെ. ഇമ്പിച്ചിബാവയും പാലോളി മുഹമ്മദ്കുട്ടിയും പി. ശ്രീരാമകൃഷ്ണനും, വി. ശശികുമാറും ജയിച്ചത് ഈ ജില്ലയില്‍ നിന്നാണ്. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സനായി ബദറുന്നിസയും മലപ്പുറം ഭരിച്ചിട്ടുണ്ട്. ഇതേ മണ്ഡലത്തില്‍ നിന്നാണ് ടി.കെ. ഹംസ പാര്‍ലമെന്റംഗമായത്. മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി തിരൂരങ്ങാടിയില്‍ മത്സരിക്കുമ്പോള്‍ മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമാക്കി ഡോ. എന്‍.എ കരീമിനെ മുണ്ടുടുപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കിയത് സി.പി.എമ്മാണ്. അന്ന് ആന്റണിയെ മതവും ജാതിയും നോക്കാതെ ജയിപ്പിച്ചതാരാണ്. മലപ്പുറത്തുകാര്‍, അവരെയാണ് സി.പി.എം നേതാക്കള്‍ വര്‍ഗീയ വാദികള്‍ എന്ന് അധിക്ഷേപിക്കുന്നത്. ഇടതുപക്ഷത്തെ പിന്തുണക്കുമ്പോള്‍ മതേതര വാദികളും അല്ലാത്തപ്പോള്‍ വര്‍ഗീയ വാദികളുമായി ഒരു ജനത അധിക്ഷേപിക്കപ്പെടുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാട് സ്വതന്ത്രമായും ധീരമായും പ്രകടിപ്പിച്ചതാണ് അവരുടെ കുറ്റം!

chandrika: