X

മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്‌ഫോടനം; അന്വേഷണം തുടങ്ങി

മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക. ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥരും അന്വേഷണത്തിനായി മലപ്പുറത്തെത്തി. ഡി.വൈ.എസ്.പി വി.കെ അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ എട്ടു പേരടങ്ങുന്ന എന്‍.ഐ.എ സംഘമാണ് അന്വേഷണത്തിനെത്തിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പൊലീസ് സംഘങ്ങളും അന്വേഷണത്തിന്റെ ഭാഗമാകുമെന്ന് ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ പറഞ്ഞു.

കൊല്ലത്തും ചിറ്റൂരിലും മൈസൂരിലും നടന്ന സ്‌ഫോടനം മലപ്പുറത്തെ സംഭവുമായി ബന്ധമുണ്ടെന്ന് പ്രാഥമികമായി തെളി ഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന അന്വേഷണ സംഘങ്ങള്‍ മലപ്പുറത്തെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും ക്യൂ ബ്രാഞ്ച് സംഘം ചൊവ്വാഴ്ച മലപ്പുറത്തെത്തിയിരുന്നു. കര്‍ണാടക, ആന്ധ്രാ പൊലീസും സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നാണ് സൂചന. കൊല്ലം സ്‌ഫോടന കേസ് അന്വേഷിക്കുന്ന സംഘം ഇന്നലെ രാവിലെ സ്ഥലത്തെത്തി. നാല് സ്ഥലങ്ങളില്‍ നിന്നും ലഭിച്ച തെളിവുകള്‍ സമാനമാണെന്ന് സംഘം വിലയിരുത്തി. ലഘുലേഖ, പെന്‍ഡ്രൈവ് എന്നിവ പ്രധാന തെളവുകളായി ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
തൃശൂര്‍ മേഖല ഐ.ജി എം.ആര്‍ അജിത് കുമാര്‍ മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പിലെത്തി സംഭവങ്ങള്‍ വിലയിരുത്തി. ശേഷം അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. ഫോറന്‍സിക് വിഭാഗവും ഇന്നലെ തെളിവുകള്‍ ശേഖരിച്ചു.
അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി പി.ടി.ബാലനൊപ്പം മലപ്പുറം, മഞ്ചേരി സി.ഐമാരും തെരഞ്ഞെടുക്കപ്പെട്ട എസ്.ഐമാരുമുണ്ടാകും. സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. ഇന്നലെ കോടതി വളപ്പില്‍ ശ ക്തമായ പൊലീസ് സുരക്ഷ ഏര്‍ പ്പെടുത്തിയിരുന്നു.

chandrika: