തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ബന്ധുക്കളടക്കം നാല് പേര്‍ കസ്റ്റഡിയില്‍. കൃത്യം നടത്തിയത് തീവ്ര ഹിന്ദു സംഘടനയെന്ന് പൊലീസിന് സൂചന ലഭിച്ചു. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി കൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസലി(32)നെ കഴിഞ്ഞ ദിവസം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. എട്ട് മാസം മുമ്പ് ഫൈസല്‍ ഗള്‍ഫിള്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിക്കുകയും കഴിഞ്ഞ ദിവസം ഭാര്യയെയും കുട്ടികളെയും മുസ്‌ലിമാക്കുകയും ചെയ്തതിന്റെ പ്രതികാരമായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഇതിലെ പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളടക്കം നിരവധി പേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ നാല് പേര്‍ക്ക് കൊലപാതകത്തില്‍ വ്യക്തമായ പങ്കുള്ളതായാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഫൈസല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തെങ്കിലും അത് വക വെക്കാതെ ഫൈസല്‍ മുന്നോട്ട് പോയി. മാത്രമല്ല ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയെയും കുട്ടികളെയും ഇസ്‌ലാം മതത്തിലേക്ക് കൊണ്ട് വന്നു.
ഇതിനെ ബന്ധുക്കളില്‍ ചിലര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അത് കൂട്ടാക്കാതെ വന്നതോടെ ബന്ധു ഒരു തീവ്ര ഹിന്ദു സംഘടനയുടെ സഹായം തേടി. ഇവരുടെ യോഗത്തിലടക്കം വിഷയം ചര്‍ച്ചയായി. ഈ സംഘടനക്കാര്‍ ഫൈസലിന്റെ വീട്ടിലെത്തി ഭാര്യയോട് മതം മാറരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയ എന്ന ജസ്ന, മക്കളായ ഫഹദ്, ഫായിസ്, ഫര്‍സാന എന്നിവരും ഈയിടെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. അതോടെ ഈ തീവ്ര ഹിന്ദു സംഘടനയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അതിലേക്കെത്തിക്കുന്ന വ്യക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്നത്തോടെ പ്രതികളില്‍ ചിലര്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.
അതേ സമയം അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.