മലപ്പുറം: ദളിത് യുവാവിനെ വിവാഹം ചെയ്യുന്നതിലുള്ള എതിര്‍പ്പ് മൂലമാണ് മകള്‍ ആതിരയെ കുത്തിയതെന്ന് പിതാവ് രാജന്‍. തീയ്യ സമുദായത്തില്‍ പെട്ട തങ്ങള്‍ക്ക് മകളുടെ വിവാഹം മാനക്കേട് ഉണ്ടാക്കുമെന്ന് രാജന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അരീക്കോട് പോലീസില്‍ കീഴടങ്ങിയ രാജന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആതിരയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടക്കും. വിവാഹത്തിന് അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നെന്നും പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചതെന്നും പ്രതിശ്രുത വരന്‍ ബ്രിജേഷ് പറഞ്ഞിരുന്നു.
അഴീക്കോട് കിഴുപറമ്പില്‍ ആതിരയാണ് പിതാവിന്റെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ദളിത് യുവാവിനെ വിവാഹം കഴിക്കുന്നതില്‍ രാജനുള്ള എതിര്‍പ്പാണ് ദുരഭിമാനക്കൊലയില്‍ എത്തിച്ചത്. വിവാഹത്തലേന്നായ ഇന്നലെ വൈകുന്നരമുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് രാജന്‍ മകളെ വകവരുത്തിയത്. കുത്തേറ്റ് അയല്‍വാസിയുടെ വീട്ടിലേക്കൊടിയ ആതിര ആസ്പത്രിയിലെത്തിക്കും മുമ്പേ മരത്തിന് കീഴടങ്ങുകയായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വെളിപ്പെടുത്തിയിരുന്നു.