ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്‍മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലാല ജന്‍മനാട്ടില്‍ തിരിച്ചെത്തുന്നത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെത്തിയ മലാലയുടെ ദൃശ്യങ്ങള്‍ ജിയോ ടി.വി പുറത്തു വിട്ടു.
പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയാണ് മലാലയുടെ ജന്‍മദേശം. 2009ല്‍ ഇവിടത്തെ നിയന്ത്രണമേറ്റെടുത്ത പാക് താലിബാന്‍ സ്ത്രീ വിദ്യാഭ്യാസം നിരോധിക്കുകയായിരുന്നു. ഇതിനെതിരെ പ്രവര്‍ത്തിച്ചതിനാണ് മലാലക്കെതിരെ വധശ്രമമുണ്ടായത്. ചികിത്സക്കായി ലണ്ടനിലേക്ക് പോയ മലാല പിന്നീട് അവിടെ തുടരുകയായിരുന്നു.
2014ല്‍ പതിനേഴാമത്തെ വയസിലാണ് മലാല സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവാണ് മലാല.