ബര്‍മിങ്ഹാം: നൊബേല്‍ ജേതാവ് മലാല യൂസുഫ് സായി വിവാഹിതയായി. നികാഹ് കഴിഞ്ഞതായി താരംതന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലികാണ് വരന്‍.
ഇഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ വീട്ടില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു നികാഹ്. വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ മാത്രമാണ് നികാഹില്‍ പങ്കെടുത്തത്.
‘ജീവിതത്തിലെ വിലപ്പെട്ട ദിവസമാണിന്ന്. ഞാനും അസറും ജീവിത പങ്കാളികളാകാന്‍ തീരുമാനിച്ചു. ബര്‍മിങ്ഹാമിലെ വീട്ടില്‍ ചെറിയ ചടങ്ങുകളോടെ ഞങ്ങളുടെ നികാഹ് കഴിഞ്ഞു. നിങ്ങളുടെ പ്രാര്‍ഥന തേടുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടാകും’-നികാഹാനന്തരം മലാല ട്വിറ്ററില്‍ കുറിച്ചു.
2014ല്‍ 17 വയസായിരിക്കുമ്പോഴാണ് മലാലയെ തേടി നൊബേല്‍ സമ്മാനമെത്തിയത്. 2012ല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവച്ചു. തുടര്‍ന്ന് ലണ്ടനില്‍ നടത്തിയ ചികിത്സയില്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കി. നിലവില്‍ 24 വയസാണ് മലാലയ്ക്ക്.