ഇസ്രാഈല്‍-ഹമാസ് യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രാഈല്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായി.
ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ 2.5 കോടി രൂപ അവിടെയുള്ള ചാരിറ്റി സംഘടനകള്‍ക്ക് കൈമാറിയതായും എല്ലാവരും ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല യൂസഫ്‌സായി ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാലയുടെ പ്രതികരണം.
ഗാസയിലെ ആശുപത്രിക്ക് നേരേയുണ്ടായ ആക്രമണത്തില്‍ ഞെട്ടലുണ്ടായെന്നും ആക്രമണത്തെ അപലപിക്കുന്നതായും മലാല പറഞ്ഞു. ഇസ്രാഈല്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ഗാസയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും മലാല ആവശ്യപ്പെട്ടു.