മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായ അന്തർദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ആഗസ്‌ത് നാലു മുതൽ ആറുവരെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി നടക്കും.കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ, എന്നീ വിഭാഗങ്ങളിലാണ് മത്സരം. കേരളത്തിൽനിന്നുളള കയാക്കർമാർക്കുപുറമെ 10 വിദേശ രാജ്യങ്ങളിൽനിന്നായി അന്തർദേശീയ കയാക്കർമാരും ഇരുന്നൂറോളം ദേശീയ കയാക്കർമാരും പങ്കെടുക്കും. ദേശീയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പും ഇതിന്റെ ഭാഗമായി നടക്കും. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്‌ഷൻ ട്രയൽസിനും ആദ്യമായി കേരളം വേദിയാകും.വിനോദസഞ്ചാര വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് ഇന്ത്യൻ കായാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.