X

യുവസംരംഭകര്‍ക്ക് പുത്തന്‍വേദിയൊരുക്കി; മലബാര്‍ മേള 5 മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ചതുര്‍ദിന സംരംഭകമേളയ്ക്ക് തിങ്കളാഴ്ച കോഴിക്കോട് തുടക്കമാകും. നിക്ഷേപര്‍, മൂലധന ദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, നയരൂപീകരണ വ്യക്തികള്‍ തുടങ്ങിയവരുമായി സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആശയവിനിമയത്തിനുള്ള വേദിയൊരുക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യം. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൂഗിള്‍ ഇന്ത്യയുടെ സിഇഒ രാജന്‍ ആനന്ദന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടക്കും.

സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒമ്പതാമത് ഐഡിയ ഡേ-യോടു കൂടിയാണ് സമ്മേളനത്തിന്റെ ഔപചാരികമായ തുടക്കമാകുന്നത്. നൂറിലധികം സ്റ്റാര്‍ട്ടപ്പുകളും വിദ്യാര്‍ത്ഥികളും തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധരുടെ മുന്നില്‍ അവതരിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പ്രമേയങ്ങളിലാണ് ആശയങ്ങള്‍ അവതരിപ്പിക്കേണ്ടത്. 12 ലക്ഷം രൂപ വരെയാണ് ആശയങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നത്.
ആശയങ്ങളെ മാതൃകകളാക്കാന്‍ സംരംഭകരെ സഹായിക്കുന്ന സീഡിംഗ് കേരളയാണ് ആറാം തിയതിയിലെ പ്രധാന ആകര്‍ഷണം. കോഴിക്കോട്ടെ യു.എല്‍ സൈബര്‍ പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ എയ്ഞ്ജല്‍ നിക്ഷേപകര്‍, ഫണ്ട് സ്‌പോണ്‍സര്‍മാര്‍, വിഭവശേഷി സമൂഹം എന്നിവരുമായി കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്.
ംംം.ലെലറശിഴസലൃമഹമ.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യെസ് ബാങ്ക് ആണ് സ്റ്റാര്‍ട്ടപ് മീറ്റിന്റെ ബാങ്കിംഗ് പങ്കാളി. സംരംഭകര്‍ക്കായുള്ള യെസ് ബാങ്കിന്റെ യെസ് ഹെഡ് സ്റ്റാര്‍ട്ടപ് പരിപാടി എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അനില്‍ ചൊറിഞ്ജത്ത് അവതരിപ്പിക്കും. ഫ്യൂച്ചര്‍ സ്പാര്‍ക്കും കാസര്‍കോട്ടെ ഇന്നൊവേഷന്‍ സെന്ററിന്റെ ഉദ്ഘാടനവുമാണ് അവസാന ദിവസത്തെ പ്രധാന ആകര്‍ഷണം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനായി ഫ്യൂച്ചര്‍ സ്പാര്‍ക്ക് എന്ന പരിപാടിയും അന്നേ ദിവസം തന്നെയാണ് സംഘടിപ്പിച്ചിരുക്കുന്നത്. ആശയങ്ങളെ വികസിപ്പിക്കാനും നവീന സാങ്കേതികവിദ്യയെ മനസിലാക്കാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. പരിശീലന കളരികള്‍, വെര്‍ച്വല്‍ റിയാലിറ്റി, ആഗ്മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ് എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും മേളയിലുണ്ടാകും.

chandrika: