റസാഖ് ഒരുമനയൂര്‍
മക്ക: പരിശുദ്ധ ഉംറ നിര്‍വ്വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങളാല്‍ ഹറം ഷരീഫും മ ക്കാ നഗരവും നിറഞ്ഞൊഴുകുകയാണ്.
ഏറ്റവും തിരക്കേറിയ ഇരുപത്തിയേഴാം രാവിന്റെ പുണ്യം തേടിയെത്തിയ രാത്രിയില്‍ 30.4 ലക്ഷം വിശ്വാസികള്‍ എത്തിയതായി അഥോറിറ്റി സിഇഒ എഞ്ചിനീയര്‍ ഗാസി അല്‍ഷഹ്റാനി പറഞ്ഞു.
റമദാനിലെ എല്ലാ സമയത്തെ നമസ്‌കാരങ്ങളിലും വിശ്വാസികള്‍ ഹറമില്‍ നമസ്‌കരിക്കാനെത്തിയിരുന്നുവെങ്കിലും ഇഷാ നമസ്‌കാരത്തിനുപുറമെ തറാവീഹ്, ഖിയാമുല്ലൈല്‍ എന്നീ പ്രത്യേക രാത്രി പ്രാര്‍ത്ഥനകളിലാണ് ഏറ്റവും കൂടുതല്‍പേര്‍ പ്രാര്‍ത്ഥനക്കെത്തിയത്.
രണ്ട് വിശുദ്ധ പള്ളികളുടെ കാര്യാ ലയങ്ങളുടെ ജനറല്‍ അഥോറിറ്റി തലവനായ ശൈഖ് അബ്ദുറഹ്‌മാന്‍ അല്‍സുദൈസിന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയോടെയാണ് ഖിയാമുല്ലൈല്‍ പ്രാര്‍ത്ഥന അവസാനിച്ചത്. ഉംറ തീര്‍ത്ഥാടകര്‍ പാപമോചനത്തിനായി കണ്ണുനീര്‍ പൊഴിച്ചുകൊണ്ട് പ്രാർത്ഥന നടത്തി. പ്രാർത്ഥനാ നേരത്ത് പെയ്ത നേര്‍ത്ത മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു.
തീര്‍ത്ഥാടകരുടെ സുഗമവും ക്രമാനുഗതവുമായ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതര്‍ മാ നുഷികവും യാന്ത്രികവുമായ സര്‍വ്വ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വെള്ളിയാഴ്ച രാവിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലക്ഷക്കണക്കിനുപേര്‍ ഹറമില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി സംഗമിച്ചു.
ഇന്ന് വെള്ളിയാഴ്ച ജുമുഅ നമസ് കാരം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്നും മടങ്ങുകയുള്ളു. മലയാളി ഉംറ തീര്‍ത്ഥാടകര്‍ ചിലര്‍ മദീനയില്‍ പോയാണ് മക്കയിലെത്തിയത്. എന്നാല്‍ നിരവധി സംഘങ്ങള്‍ ഇന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പോകും.