X
    Categories: MoreSportsViews

ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മുഹമ്മദ്‌ സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ സൗദി

മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്‍കാന്‍ അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ട് ഫഹദ് അല്‍ റൗകി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സലാഹിന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷമാവും അന്തിമ തീരുമാനത്തിലെത്തുമെന്ന് ഈജിപ്ത് ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മക്കയില്‍ ഹറമിനു പുറത്താണ് സലാഹിന് ഭൂമി നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്ഷ്യന്‍ പൗരനായ സലാഹിന് ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു നല്‍കാന്‍ സൗദി ഭരണകൂടം അനുവദിക്കുകയാണെങ്കില്‍ ഭൂമിയായിത്തന്നെ നല്‍കും. അല്ലെങ്കില്‍ ഈ സ്ഥലത്ത് സലാഹിന്റെ പേരില്‍ ഒരു പള്ളി നിര്‍മിക്കും. സലാഹിന് ആവശ്യമെങ്കില്‍ ഭൂമി വിറ്റ് തുക കൈമാറാനും ഒരുക്കമാണെന്ന് അല്‍ റൗകി വ്യക്തമാക്കി.

കളിക്കളത്തിലെ മികവിനും മാതൃകാപരമായ പെരുമാറ്റത്തിനുമുള്ള സമ്മാനം എന്ന നിലയ്ക്കാണ് മക്കയില്‍ ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്ന് അല്‍ റൗകി പറയുന്നു. ‘മതപരമായ സഹിഷ്ണുതയുടെയും മൂല്യങ്ങളുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആണ് മുഹമ്മദ് സലാഹ്. ബ്രിട്ടനിലെ മുസ്‌ലികള്‍ക്ക് റോള്‍ മോഡല്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പറ്റി നമുക്കെല്ലാം അഭിമാനിക്കാം.’ അല്‍ റൗകി പറയുന്നു.

സീരി എയില്‍ എ.എസ് റോമയ്ക്കും പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും വേണ്ടിയുള്ള മുഹമ്മദ് സലാഹിന്റെ മികച്ച പ്രകടനം താരത്തിന് ലോകമെങ്ങും നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 46 മത്സരങ്ങളില്‍ നിന്നായി 41 മത്സരങ്ങള്‍ നേടിയ താരം ചാമ്പ്യന്‍സ് ലീഗില്‍ പത്തു തവണയും ലക്ഷ്യം കണ്ടിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എ.എസ് റോമക്കെതിരെ ലിവര്‍പൂള്‍ 5-2 ന് ജയിച്ചപ്പോള്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റും 25-കാരന്റെ വകയായിരുന്നു.

 

ഇസ്‌ലാം മത വിശ്വാസിയും മതചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താല്‍പര്യപ്പെടുന്നയാളുമായ സലാഹ്, മതരീതിയില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് മത്സരങ്ങള്‍ക്ക് ഇറങ്ങാറ്. ഗോളടിച്ചാല്‍ പ്രകോപനപരമായ ആഹ്ലാദപ്രകടനങ്ങള്‍ക്ക് മുതിരാറില്ലാത്ത താരം മൈതാനത്ത് ‘സുജൂദ്’ നിര്‍വഹിക്കാറുമുണ്ട്. യാത്രകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന താരം ബ്രിട്ടീഷ് ജനതക്കിടയില്‍ മുസ്ലിംകളുടെ ഒരു പുതുമാതൃകയാണ്. ലിവര്‍പൂള്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് നിരവധി ആരാധകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: