ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ പ്രതിയായ ആര്‍.എസ്.എസ് നേതാവ് അസിമാനന്ദയുടെ വെളിപ്പെടുത്തല്‍ അടങ്ങിയ സുപ്രധാന ഫയലുകള്‍ കാണാതായി. അസിമാനന്ദയുടെ വെളിപ്പെടുത്തലടങ്ങിയ രണ്ട് പേജുള്ള രേഖകളാണ് കാണാതായത്. സംഭവത്തില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനും സി.ബി.ഐ എസ്.പിയുമായ ടി. രാജ ബാലാജി അന്വേഷണമാരംഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ബാലാജി എന്‍.ഐ.എ കോടതിയില്‍ വിശദീകരണം നടത്തുന്നതിനിടെ രേഖ ഹാജറാക്കാന്‍ നോക്കിയപ്പോഴാണ് രേഖകള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം കോടതി നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. സുപ്രധാന രേഖയാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജ്ദില്‍ സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ ലഷ്‌കറെ ത്വയ്യിബ പോലുള്ള സംഘടനകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയിരുന്നത്. പിന്നീടാണ് കേസില്‍ അസിമാനന്ദ അടക്കമുള്ള ഹിന്ദുത്വ ഭീകരസംഘടനകളുടെ പങ്ക് വെളിപ്പെട്ടത്. അസിമാനന്ദക്ക് 2017 മാര്‍ച്ചില്‍ ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചിരുന്നു.