സി.കെ ഷാക്കിര്‍
മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് അറിയിച്ചു. മത്വാഫില്‍ സ്ഥാപിച്ച സുരക്ഷ ബാരിക്കേഡുകള്‍ ഇന്നലെ നീക്കം ചെയ്തിട്ടുണ്ട്. മത്വാഫ് പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ ഒരു ലക്ഷത്തി ഏഴായിരം പേര്‍ക്ക് ത്വവാഫ് നിര്‍വഹിക്കാന്‍ സാധിക്കും.
ഇഹ്റാം വേഷത്തില്‍ അല്ലാത്തവര്‍ക്ക് മത്വാഫില്‍ പ്രവേശിക്കുന്നതിന് ഏര്‍പെടുത്തിയ നിയന്ത്രണവും ഇന്ന് മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. ഹറം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്വാഫ് വിപുലീകരണം നേരത്തെ പൂര്‍ത്തിയായതാണ്. കഅബയില്‍ നിന്നും 21 മീറ്റര്‍ കിഴക്കുള്ള സംസം കിണര്‍ മത്വാഫിനകത്താണ്. ആവശ്യഘട്ടങ്ങളില്‍ കാഴ്ചക്കാര്‍ക്ക് തുറന്ന് കൊടുക്കാന്‍ കഴിയുന്ന രീതിയിലാണ് സംസം കിണറിന്റെ ഇപ്പോഴത്തെ നവീകരണം നടത്തിയിട്ടുള്ളത്.