X

കിരീടാവകാശിയുടെ നേതൃത്വത്തില്‍ പുണ്യ കഅബാലയം കഴുകി

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ആഗോള മുസ്‌ലിംകളുടെ പുണ്യഗേഹമായ വിശുദ്ധ കഅബാലയം കഴുകി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ വിശുദ്ധ കഅബയുടെ കഴുകലിന് നേതൃത്വം നല്‍കിയത്. സഊദി കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി രാജകുമാരനോടൊപ്പം ഹറം പള്ളിയിലെത്തിയ കിരീടാവകാശിയെ ഇരു ഹറം വകുപ്പ് കാര്യാലയ മേധാവി ശൈഖ് ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സ്വീകരിച്ചു. തുടര്‍ന്ന് ത്വവാഫും രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കാരവും നിര്‍വഹിച്ച ശേഷമാണ് കിരീടാവകാശിയും പ്രമുഖരും കഴുകല്‍ കര്‍മം നിര്‍വഹിക്കാനായി വിശുദ്ധ മന്ദിരത്തിലേക്ക് പ്രവേശിച്ചത്.

അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) കാണിച്ച മാതൃക പ്രകാരമാണ് വിശുദ്ധ കഅ്ബ കഴുകുന്നത്. എല്ലാ വര്‍ഷവും ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറത്തിലാണ് കഅബ കഴുകല്‍ ചടങ്ങ് നിര്‍വഹിച്ചു വരുന്നത്.

ത്വായിഫ് ഗവര്‍ണര്‍ പ്രിന്‍സ് സഊദ് ബിന്‍ നഹര്‍ ബിന്‍ സഊദ്, ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് സഊദ് ബിന്‍ അബ്ദുല്ല ബിന്‍ ജലാവി, ഉന്നത പണ്ഡിത സഭ അംഗങ്ങളായ ശൈഖ് സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ്, ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ മുത്‌ലഖ്, ശൈഖ് സഅദ് ബിന്‍ നാസര്‍ അല്‍ ഷാദ്രി, ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലില, കഅ്ബയുടെ സൂക്ഷിപ്പുകാരായ ബനി ശൈബ കുടുംബാംഗങ്ങള്‍ എന്നിവര്‍ പുണ്യ കഅബയുടെ കഴുകല്‍ ചടങ്ങില്‍ പങ്കാളികളായി.

പനിനീരും ഊദും മറ്റു സുഗന്ധദ്രവ്യങ്ങളും കലര്‍ത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് പുണ്യ ഗേഹത്തിനകം കഴുകിയത്. വെള്ള ടവലുകള്‍ ഉപയോഗിച്ച് തുടച്ചെടുക്കുന്ന പുണ്യമന്ദിരത്തിന്റെ അകത്തെ ഭിത്തികള്‍ റോസാപ്പൂവിന്റെയും കസ്തൂരിയുടെയും സുഗന്ധദ്രവ്യങ്ങളില്‍ മുക്കിയാണ് വൃത്തിയാക്കുന്നത്.

റോസിന്റെ സുഗന്ധം കലര്‍ന്ന സംസം വെള്ളം തറയില്‍ തളിച്ച ശേഷം ഈന്തപ്പന ഉപയോഗിച്ചാണ് ശുദ്ധീകരണം പൂര്‍ത്തിയാക്കുന്നത്. നേരത്തെ മുഹറം ഒന്നിന് വിശുദ്ധ കഅബയുടെ കിസ്‌വ മാറ്റല്‍ ചടങ്ങ് പൂര്‍ത്തിയാക്കിയിരുന്നു.

 

Chandrika Web: