X
    Categories: gulfNews

വ്യോമപാതകള്‍ തുറക്കുന്നു; രാജ്യാന്തര തീര്‍ത്ഥാടകര്‍ അടുത്തമാസം മുതല്‍ മക്കയിലെത്തും

അഷ്‌റഫ് ആളത്ത്

ദമ്മാം: രാജ്യത്തിന് പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഊദി ഹജ്ജ് മന്ത്രാലയം പുറത്തിറക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക മായി നിര്‍ത്തിവെച്ച തീര്‍ത്ഥാടനം നവംബര്‍ 1 മുതല്‍ പുനരാരംഭിക്കുന്നതിനായി രാജ്യത്തെ 500 ലധികം ഉംറ കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് ഭീതിയില്‍ നിന്ന് മോചിതമാവുകയും പ്രതിരോധ നടപടികള്‍ വിജയകരമായി നടപ്പാക്കുകയും ചെയ്ത രാജ്യങ്ങള്‍ക്കാണ്
അടുത്തമാസം മുതല്‍ തീര്‍ത്ഥാടനത്തിനുള്ള അവസരം ഉദാരമാക്കുന്നത്.

ഇതിന്റെ ഭാഗമായി സഊദി എയര്‍ലൈന്‍സ് 33 സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതായും വ്യോമയാന വൃത്തങ്ങള്‍ പ്രഖ്യാപിച്ചു.
ഇതുവഴി ഓരോ ആഴ്ചയുംപതിനായിരത്തോളം തീര്‍ത്ഥാടകരെ രാജ്യത്ത് എത്തിക്കാനാവുമെന്ന് ഉംറ കമ്പനികളിലെ പ്രതിനിധികളും പ്രത്യാശ പ്രകടിപ്പിച്ചു. നിര്‍ണ്ണിത എണ്ണത്തില്‍ ഭക്തര്‍ എത്തുന്നത് രോഗപ്രതിരോധ നടപടികളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 18 നും 50 നും ഇടയില്‍ പ്രായമുള്ള തീര്‍ഥാടകരെയാണ് തുടക്കത്തില്‍ അനുവദിക്കുക.കോവിഡ് പരിശോധനകളില്‍ നെഗറ്റിവ് സാക്ഷ്യപ്പെടുത്തിയ പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ ഹാജരാക്കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് തീര്‍്ത്ഥാടകന്റെ രാജ്യത്തെ വിശ്വസനീയമായ ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ചെയ്തതായിരിക്കണം സാക്ഷ്യപത്രം.

തീര്‍ത്ഥാടകര്‍ക്ക് ഇരുഹറമുകളിലും ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ‘ഇഅ് തമര്‍നാ’ ആപ് വഴി ബുക്ക് ചെയ്യാം.
ഇതിലൂടെ ഉംറ നിര്‍വ്വഹിക്കുന്ന തീയതിയും സമയവും എളുപ്പത്തില്‍ തെരഞ്ഞെടുക്കാം. മടക്കയാത്രക്കുള്ള വിമാനടിക്കറ്റും അതാത് രാജ്യങ്ങളില്‍ നിന്ന് തന്നെ ഉറപ്പു വരുത്തണം. ഉംറ കമ്പനികള്‍ വിദേശത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകരെ കുറഞ്ഞത് 50 ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിനെ വീതം അവര്‍ നിയമിക്കും.ഉംറ കമ്പനികള്‍ വാഗ്ദാനം നല്‍കിയ കരാര്‍ പാക്കേജുകള്‍ തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഹജ്ജ് മന്ത്രാലയം നിരീക്ഷകര്‍ ഉറപ്പുവരുത്തും.കോവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ഫെബ്രുവരി 27നാണ് ഉംറ തീര്‍ത്ഥാടനം താല്‍ക്കാലികമായി സഊദി അറേബ്യ നിര്‍ത്തിവെച്ചിരുന്നത്.

Test User: