X

നടന്‍ മുരളിയുടെ പ്രതിമ കുളമാക്കി, ശില്പിക്ക് നല്‍കിയ 5.70 ലക്ഷവും എഴുതിത്തള്ളി

സംഗീത നാടക അക്കാദമിയില്‍ മുന്‍ ചെയര്‍മാന്‍ കൂടിയായ നടന്‍ മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവു വരുത്തിയ ശില്‍പിക്കു നല്‍കിയ 5.70 ലക്ഷം രൂപ എഴുതിത്തള്ളി ധനവകുപ്പ് ഉത്തരവിറക്കി. 2009ല്‍ സംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെ അന്തരിച്ച നടന്റെ കരിങ്കല്‍ശില്പം അക്കാദമിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് അദ്ദേഹവുമായി സാമ്യമില്ലെന്ന ആക്ഷേപം തീര്‍ക്കാനാണ് വെങ്കലത്തില്‍ മറ്റൊന്നായാലൊ എന്ന ആലോചന വന്നയുടന്‍ ഒരു ശില്പിയുമായി കരാര്‍ ഉണ്ടാക്കിയതും. ശില്പം അക്കാദമി വളപ്പിലെ തുറസ്സരങ്ങിനു സമീപം സ്ഥാപിക്കാനായിരുന്നു പദ്ധതി.

പ്രതിമയുടെ കലാരൂപപരമായ കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാന്‍ ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്ന നേമം പുഷ്പരാജിനെയും ചുമതലപ്പെടുത്തി. പ്രതിമയുടെ മോള്‍ഡിനുള്ള മാതൃക മുരളിയുമായി രൂപസാദൃശ്യമില്ലാത്തതാണെന്നു നേമം പുഷ്പരാജ് സാക്ഷ്യപ്പെടുത്തി. രൂപമാറ്റത്തിന് നിരവധിതവണ ആവശ്യപ്പെട്ടു. ഫലമില്ലാതായതോടെ നിര്‍മാണം നിര്‍ത്തിവെക്കാനും പണം തിരിച്ചടയ്ക്കാനും ശില്പിയോട് അക്കാദമി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലെന്നു ശില്‍പി അറിയിച്ച സാഹചര്യത്തില്‍ നികുതി ഉള്‍പ്പെടെ മുഴുവന്‍ തുകയും വ്യവസ്ഥകളോടെ എഴുതിത്തള്ളുകയായിരുന്നു. നഷ്ടം അക്കാദമി വഹിക്കണമെന്നാണു വ്യവസ്ഥ. സര്‍ക്കാര്‍ ധന സഹായത്തോടെയാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

 

webdesk14: